സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ രജനികാന്ത്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ.
ഭാരതിരാജ എപ്പോഴും തന്റെ മനസ്സിലുള്ളത് തുറന്നുപറയുന്നയാളാണെന്ന് രജനി പറഞ്ഞു. 'അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ, ഇഷ്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കിൽ, ഇല്ലെന്ന് പറയും. നിന്നെ എനിക്കിഷ്ടമാണ്, പക്ഷേ നിന്റെ അഭിനയം എനിക്കിഷ്ടമല്ല' എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. 'നിരവധി നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും ചലച്ചിത്ര ലോകത്തേക്ക് അദ്ദേഹം പരിചയപ്പെടുത്തി. നിർമാതാവായാലും സംവിധായകനായാലും മറ്റാരായാലും, പ്രശ്നങ്ങളുമായി വരുന്നവർക്ക് വേണ്ടി ആദ്യം ശബ്ദം ഉയർത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. എത്ര വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ സൃഷ്ടികൾ മറന്നുപോകില്ല. തമിഴ് ജനതയുടെ ഹൃദയത്തിൽ അദ്ദേഹത്തിന്റെ പേര് എന്നെന്നും നിലനിൽക്കും', രജനി കൂട്ടിച്ചേർത്തു. ഭാരതിരാജയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളായ '16 വയതിനിലേ', 'കൊടി പറക്കുത്' എന്നിവയിൽ രജനികാന്ത് പ്രധാനവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഗ്രാമീണ കഥകള്‍ക്ക് പുനര്‍നിര്‍വചനം നല്‍കുകയും നിരവധി സിനിമകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില് ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഭാരതിരാജ സ്വന്തമാക്കി.
തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്പ്പുകള്, നിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്വതല്ലൈ, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന് വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു.ആറ് തവണ ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Rajinikanth shared an interesting memory about filmmaker Bharathiraja. According to Rajinikanth, Bharathiraja once told him, “I like you, but I don't like your acting,” a remark that reflected the director’s honesty and left a lasting impression on the superstar during his early years in cinema.