സ്വന്തം നിയമാവലികള്‍ക്കുള്ളില്‍ സന്തോഷിച്ച് ജീവിച്ച വ്യക്തിയാണ് സലീംകുമാറെന്ന് ഗായകന് ജി.വേണുഗോപാല്‍. ഏതാണ്ട് ഇരുപത്തൊന്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സലിംകുമാറിനെ ആദ്യമായി പരിചയപ്പെട്ടതും വിദേശത്ത് ഒരു ഷോയ്ക്ക് ഒരുമിച്ച് പോയ രസകരമായ അനുഭവവും ജി വേണുഗോപാല്‍ ഫേസ്്ബുക്കില്‍ കുറിച്ചു.
വേണുഗോപാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
സലിം കുമാര്‍ ഇനിയില്ല. എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ആകുന്നില്ല! മോശമായി വരുന്ന ആരോഗ്യം സലിമിന്റെ സിനിമ അഭിനയത്തിന് ഒരു തട ഇട്ടിട്ട് വര്‍ഷങ്ങളായിരിക്കുന്നു. എന്നാലും സലിമോ സലിമിന്റെ ചിരിയുടെയോ സ്ഥിര സാന്നിദ്ധ്യമില്ലാത്ത ഒരു ട്രോള്‍ പോലും മലയാളിക്കില്ല.
ഏതാണ്ട് ഇരുപത്തൊന്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സലിമിനെ ആദ്യമായി പരിചയപ്പെടുമ്പോള്‍ മിമിക്രിയില്‍ നിന്ന് സിനിമയിലേക്കുള്ള സംക്രമണം തുടങ്ങിയിട്ടില്ല. 'മമ്മൂട്ടി ഷോ'' അമേരിക്കയിലും ഇംഗ്ലണ്ടിലും. ഞങ്ങള്‍ പെട്ടെന്ന് അടുത്തു. എല്ലാവരെയും ചിരിപ്പിക്കുന്ന സലിം ഒരു ദിവസം കണ്ണീരിന്റെ നനവുള്ള സ്വന്തം കഥ എന്നോട് പറഞ്ഞു. എന്റെ കണ്ണുകള്‍ ഞാനറിയാതെ സജലങ്ങളായി. സ്വാഭാവികമായിരുന്നു സലിമിന് അഭിനയം. ചിരിയും കരച്ചിലും. അത്രത്തോളം ഉള്ളുനിര്മ്മലമായ ഒരാള്‍ക്കേ കാണികളെ അവര്‍ പോലുമറിയാതെ ചിരിപ്പിക്കാനും കരയിക്കാനുമാകൂ!
പറവൂര്‍ മാല്യങ്കര കോളേജിന്റെ ഒരു പ്രതിഭാ പുരസ്കാരം ദുബൈയില്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. രാവിലെ എന്റെ ഹോട്ടല്‍ മുറിയില്‍ ഒരു മുട്ട്. പുറത്ത് നിന്ന് സലിം ഉറക്കെ ചിരിച്ച് കൊണ്ട് മുറിക്കുള്ളില്‍ വന്നു. വയറ് പൊത്തിപ്പിടിച്ചു കൊണ്ട് തമാശ പറഞ്ഞുകൊണ്ടിരുന്നു, എന്റെ വയറ് വേദനിക്കും വരെ ഞാന്‍ ചിരിച്ചുംകൊണ്ടിരുന്നു. ഞാന്‍ ചോദിച്ചു, 'സലിം എന്താ വയറ് പിടിച്ച് ചിരിക്കുന്നത്, വയറ് വേദനയുണ്ടോ?' 'ചേട്ടാ എന്റെ ഒരു കരളു പോയി, ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ' എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ച്, വയറു പൊത്തിപ്പിടിച്ച് പുറത്തേക്കിറങ്ങി.
അമേരിക്കയില്‍ കഠിനമായ പുകവലി നിയന്ത്രണങ്ങള്‍ ആരംഭിച്ച സമയത്തായിരുന്നു ഞങ്ങളുടെ മമ്മൂട്ടി ഷോ അരങ്ങേറുന്നത്. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്താലുടന്‍ സലിം, കട്ടിലിന് മുകളില്‍ ഒരു കസേര പിടിച്ചിട്ട്, അതില്‍ കയറി മുറിക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മോക്ക് അലാറത്തിനകത്തേക്ക് ടോയിലറ്റ് പേപ്പര്‍ ചുരുട്ടിക്കയറ്റും. ചില മുറികളില്‍ സ്മോക്ക് അലാറമടിക്കില്ല. ചിലയിടത്ത് അടിക്കും. ഞങ്ങളുടെ സ്പോണ്സര് ഫൈന്‍ കൊടുക്കുകയും ചെയ്യും. ന്യൂയോര്‍ക്കിലെ പ്രശസ്തമായ 'കോള്‍ഡന്‍ സെന്റര്‍' ആയിരുന്നു ഞങ്ങളുടെ അമേരിക്കന്‍ പരിപാടികളുടെ കലാശക്കൊട്ട്. അമേരിക്കയിലെ ഞങ്ങളുടെ അവസാന വേദി. പരിപാടിക്ക് തൊട്ടു മുന്നേ അലാറം നീട്ടിയടിച്ചു. നല്ലൊരു തുക സ്പോണ്സര് കൊടുക്കുകയും ചെയ്യേണ്ടി വന്നു. സലിം ഉറക്കെ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. 'ചേട്ടാ ഈ ഫൈനും കൂടിയായപ്പോള്‍ എന്റെ മൊത്തം പ്രതിഫലത്തുകയില്‍ നിന്നധികമായി. ഇനി ഞാന്‍ സ്പോണ്സറിന് നാട്ടില്‍ പോയിട്ട് ബാക്കി പൈസ അയച്ചു കൊടുക്കാം!'
സ്വന്തം നിയമാവലികള്‍ക്കുള്ളില്‍ സന്തോഷിച്ച് ജീവിച്ചു, ധൈര്യമായി സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ്, ഗൗരവം മുഖമുദ്രയാക്കിയ മലയാളികളെ നിരന്തരം ചിരിപ്പിച്ച സലിം , നിന്നെ വല്ലാണ്ട് മിസ്സ് ചെയ്യുമെടാ !
Content Highlights: Singer G Venugopal shares his experience of going to a show abroad with Salimkumar