മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടുകളാണ് കൊച്ചിന് ഹനീഫയും സലിം കുമാറും. 2010 ല്‍ മലയാളികളുടെ സ്വന്തം ഹനീഫ്ക്കയുടെ വേര്‍പാട് പ്രേഷകര്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഇപ്പോഴിതാ സലീം കുമാറും നമ്മളെ വിട്ടുപോയിരിക്കുന്നു. പക്ഷെ ഇവര്‍ രണ്ടു പേരും ഒന്നിച്ച പുലിവാല് കല്ല്യാണവും മഴത്തുള്ളി കിലുക്കവും കുഞ്ഞിക്കൂനനും കിലുക്കം കിലുകിലുക്കം തുടങ്ങിയ സിനിമകളൊന്നും ഇന്നും എന്നും നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളാണ്. സിനിമയ്ക്ക് അപ്പുറത്തേക്കും അവരുടെ സൗഹൃദവും ദൃഢമായിരുന്നു. കൊച്ചിന് ഹനീഫയെ കുറിച്ച് സലിംകുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊച്ചിന് ഹനീഫ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലെന്നും അതിന്റെ കാരണവും സലിം കുമാര്‍ പറയുന്നുണ്ട്.
'ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആളുകളുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷെ കൊച്ചിന് ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖം വേറെ ആരുടെ കൂടെ അഭിനയിക്കുമ്പോഴും കിട്ടാറില്ല. ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഞാനാണ് ഷൈന്‍ ചെയ്യുന്നതെങ്കില്‍ അയാള്‍ക്ക് കുഴപ്പമില്ല. അത് സപ്പോര്‍ട്ട് ചെയ്യുകയേ ഉള്ളൂ. അതിന്റെ അസൂയ ഒന്നുമില്ല. അതേ പോലെ ഒരാളെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളെ കണ്ടിട്ടില്ല.
ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ ഹനീഫ്ക്ക മരിച്ചപ്പോള്‍ കാണാന്‍ പോയില്ല. ടിവിയില്‍ പോലും കണ്ടില്ല. കാരണം ഹനീഫ്ക്ക അങ്ങനെ മരിച്ച് കിടക്കുന്നത് എനിക്ക് കാണാന്‍ പറ്റില്ല. ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാല്‍ ഞാന്‍ ചിരിക്കും. മരിച്ച് പോയെന്ന് എനിക്ക് അറിയില്ലെന്നതാണ് സത്യം'- അന്ന് സലിം കുമാര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. വിവാഹപ്പിറ്റേന്ന് ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഷൂട്ടിങ്ങിന് പോയത്. വിരുന്നിന് വരണം എന്ന് പറഞ്ഞ് ബന്ധുക്കള്‍ ക്ഷണിച്ചപ്പോള്‍ 'ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ വരാം' എന്നാണ് പറഞ്ഞതെന്നും, അതിന് ശേഷം കൈനിറയെ സിനിമകളായിരിന്നുവെന്നും സലീം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2000 മുതല്‍ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. തെങ്കാശി പട്ടണത്തിലെ കള്ളന്, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാല് കല്യാണത്തിലെ മണവാളന്, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേര്‍ക്കുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.
ഹാസ്യവേഷം മാത്രമല്ല കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാര്‍ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിനു നേടികൊടുത്തു.
1969 ഒക്ടോബര്‍ പത്തിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളിലും ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജില്‍ ബിരുദ പഠനത്തിനിടെ എംജി സര്‍വകലാശാല കലോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ മൂന്ന് തവണ വിജയിയായി.
അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിന് കലാഭവനില്‍ എത്താനായത് സലിം കുമാറിന്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാര്‍ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷന്‍ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. സുനിതയാണ് ഭാര്യ. നടന് ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.
പ്രിയപ്പെട്ട സലിം കുമാര്‍, തീര്‍ന്നുപോയത് ആയുസ്സിന്റെ കണക്കുപുസ്തകം മാത്രമാണ്. മലയാളിക്ക് നിങ്ങള്‍ സമ്മാനിച്ച ചിരിയുടെ പുണ്യത്തിന് മരണത്തിന്റെ അതിരുകളില്ല. നിങ്ങള്‍ തന്ന ഹാസ്യത്തിന്റെ ഒസ്യത്ത് ഈ മണ്ണിലുള്ള കാലത്തോളം ഞങ്ങളുടെ ചിരിയും ചിന്തയുമായി നിങ്ങള്‍ കൂടെയുണ്ടാകും. മരണമില്ലാത്ത ആ ഓര്‍മ്മകള്‍ക്ക് പ്രണാമം…
Content Highlights: Salim Kumar about Cochin Haneefa and there friendship