തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'അതിമനോഹരം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നേരത്തെ പുറത്തുവന്നിരുന്നു. തിരക്കഥയിലെ ആശയകുഴപ്പം മൂലം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പ്രതികരിക്കുകയാണ് സിനിമയുടെ നിര്‍മാതാവായ ആഷിഖ് ഉസ്മാന്. മോഹന്‍ലാലിന് അമേരിക്കയില്‍ ഷോ ഉള്ളതു കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് ആഷിഖ് ഉസ്മാന്.
'അതിമനോഹരം ഷൂട്ട് നടക്കുന്നു, 80 ദിവസത്തെ ഷൂട്ട് കഴിഞ്ഞു, 40 ദിവസം കൂടെ ഷൂട്ട് ഉണ്ടാകും. ലാലേട്ടന് അമേരിക്കയില്‍ ഒരു ഷോ ഉണ്ടായിരുന്നതു കൊണ്ട് കുറച്ചു ദിവസം ഷൂട്ട് നിര്‍ത്തി വച്ചിരുന്നു. അഅല്ലാതെ സിനിമയുടെ ചിത്രീകരണ നിര്‍ത്തി വച്ചു എന്ന വാര്‍ത്തകളൊക്കെ തെറ്റാണ്'- ആഷിഖ് ഉസ്മാന് പറഞ്ഞു.
ചിത്രീകരണം നിര്‍ത്തിവച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞ ദിവസം സംവിധായകന് തരുണ്‍ മൂര്‍ത്തിയും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവച്ചെന്നുള്ള വാര്‍ത്ത തെറ്റാണെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
'തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതായി അവകാശപ്പെടുന്ന നിരവധി ഓണ്‍ലൈന്‍ വാര്‍ത്തകളും കോളുകളും എനിക്ക് ലഭിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ 78 ദിവസമായി ഞങ്ങള്‍ തൊടുപുഴയില്‍ ഷൂട്ടിംഗ് നടത്തിവരികയാണ്. അതേ, മഴയും കാലാവസ്ഥയും ഞങ്ങളുടെ ചില പദ്ധതികളെ ബാധിച്ചിട്ടുണ്ട്, പക്ഷേ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും വളരെ ആവേശത്തോടെയും പോസിറ്റീവിറ്റിയോടെയും ചിത്രീകരണം തുടരാനും ഞങ്ങളുടെ ടീം കഠിനമായി പരിശ്രമിക്കുന്നു.
വ്യക്തിപരമായ ലൈക്കുകള്‍ക്കും വ്യൂസിനും വേണ്ടി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അത്തരം തെറ്റായ വിവരങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയും മുഴുവന്‍ ടീമിന്റെയും ശ്രമങ്ങളെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ധാരണയ്ക്കും പിന്തുണയ്ക്കും നന്ദി', തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍.
ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ ഘ365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഘ366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Content Highlights: Producer Aashiq Usman responds to fake news against the film 'Athimanoharam'