ഇനി സ്വൽപം റൊമാൻസ് ആകാം! കിടിലൻ മേക്കോവറിൽ ബേസിൽ, ഒപ്പം റിയയും; അതിരടിയിലെ ആദ്യ ഗാനം പുറത്ത്

'IYKYK' എന്ന് തുടങ്ങുന്ന ഗാനം ബേസിൽ ജോസഫും റിയ ഷിബുവും തമ്മിലുള്ള റൊമാന്റിക് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. സിനിമ. ഷെറിൻ ശിഹാബ്, റിയാ ഷിബു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

'IYKYK' എന്ന് തുടങ്ങുന്ന ഗാനം ബേസിൽ ജോസഫും റിയ ഷിബുവും തമ്മിലുള്ള റൊമാന്റിക് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്. ചിത്രം മെയ് 14 ന് തിയേറ്ററിലെത്തും. മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായ ദൃശ്യം ത്രീ പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുൻപാണ് അതിരടിയുടെ എൻട്രി. മെയ് 21 നാണ് ദൃശ്യം 3 തിയേറ്ററിൽ എത്തുന്നത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്.

കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Athiradi Song starring Riya shibu and basil out now

To advertise here,contact us