മമ്മൂക്കയോട് ചോദിച്ച് വാങ്ങിയ അടി, സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല;'സിബിഐ' സിനിമയിലെ അടിയെക്കുറിച്ച് സായ് കുമാർ

ആ സീനെടുക്കുമ്പോള്‍ മമ്മൂക്കയോട് പറഞ്ഞു ഒരടി. 'പോടാ അവിടെന്ന്' എന്നായിരുന്നു മറുപടി.

മലയാളത്തിലെ സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണ് സിബിഐ. സേതുരാമയ്യർ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടിയെത്തിയ ഈ സീരിസിൽ ഇതുവരെ അഞ്ച് സിനിമകളാണ് പുറത്തുവന്നത്. ഈ അഞ്ച് സിനിമകളും വലിയ വിജയമാണ് തിയറ്ററുകളിൽ നേടിയത്. സിനിമയിലെ ഡയലോഗുകളും സീനുകളും എല്ലാം സോഷ്യൽ മീഡിയയിൽ ഇന്നും ഹിറ്റാണ്. അതുപോലൊരു ഡയലോഗാണ് സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിൽ സായ്കുമാറും മമ്മൂട്ടിയും തമ്മിലുള്ളത്.

'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ' എന്ന് സായ്കുമാറിന്‍റെ കഥാപാത്രം പറയുമ്പോൾ, മമ്മൂട്ടി അയാളുടെ മുഖത്തടിച്ച് 'ഇനി പോകാലോ' എന്ന് ചോദിക്കുന്ന ഒരു രംഗം ഉണ്ട്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ട്രോളായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ സീനിനെക്കുറിച്ച് പറയുകയാണ് സായി കുമാർ. മമ്മൂക്ക അടിക്കുന്നത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും അത് താൻ ചോദിച്ച് വാങ്ങിയതാണെന്നും സായി കുമാർ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ മധുവിധുവിന്റെ പ്രമോഷൻ ഭാഗമായി സില്ലി മോങ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആ അടി ഞാന്‍ ചോദിച്ച് വാങ്ങിച്ചതാ.. ആ സീനെടുക്കുമ്പോള്‍ മമ്മൂക്കയോട് പറഞ്ഞു ഒരടി. 'പോടാ അവിടെന്ന്' എന്നായിരുന്നു മറുപടി. 'അടിയൊന്നും ഇല്ല. സേതുരാമയ്യര്‍ ആരെയും അങ്ങനെ അടിക്കയൊന്നും ഇല്ല' എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരടി ഇക്ക. ഇല്ലെന്ന് മമ്മൂക്ക തീര്‍ത്ത് പറഞ്ഞു. മധു ചേട്ടനോടും പറഞ്ഞു ഒരടി. 'അടിയാ.. പോടാ' എന്നായിരുന്നു മറുപടി. ഞാന്‍ പറഞ്ഞു വേണ്ടെങ്കില്‍ നിങ്ങള്‍ വെട്ടിക്കളഞ്ഞോ. അങ്ങനെ എടുത്തതാണ് ആ സീന്‍.

തിയറ്ററില്‍ എത്തിയപ്പോള്‍ അതിന് വലിയ കയ്യടി. 'എടാ അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്തില്ലെ സീന്‍. എങ്ങനെ ഉണ്ടായിരുന്നെ'ന്ന് മധുചേട്ടന്‍ ഇപ്പോഴെന്നോട് ചോദിക്കും. ഞാനൊന്നും മിണ്ടിയില്ല. സ്വാമി സാറിന്‍റെ സ്ക്രിപ്റ്റിലേ ഇല്ലാത്ത കാര്യമായിരുന്നു അത്', എന്നായിരുന്നു സായ്കുമാറിന്‍റെ വാക്കുകൾ.

Content Highlights: Veteran actor Sai Kumar recently opened up about the famous beating scene featuring Mammootty in the legendary ‘Sethurama Iyer CBI’ film. Recalling the intense sequence.

To advertise here,contact us