മലയാളത്തിൽ നിരവധി ആരാധകരുള്ള കോമ്പോ ആണ് മോഹൻലാൽ-പ്രിയദർശൻ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾ ആണ് ഈ കൂട്ടുകെട്ടിൽ ഒരുക്കിയിട്ടുള്ളത്. തന്റെ കരിയറിലെ 100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ അപ്ഡേറ്റ് പങ്കുവെക്കുകയാണ് പ്രിയദർശൻ. സിനിമ നവംബറിൽ ആരംഭിക്കുമെന്നും ചിത്രത്തിൽ 12 പാട്ടുകൾ ഉണ്ടെന്നും പ്രിയദർശൻ പറഞ്ഞു. മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കാൻ പുതുമുഖത്തെ തേടുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
'മോഹന്‍ലാലിനൊപ്പമുള്ള സിനിമ നവംബറില്‍ ആരംഭിക്കും. സങ്കീര്‍ണമായ സിനിമയാണ്, മ്യൂസിക്കല്‍ ആണ്. അതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തെടുക്കാനുണ്ട്. കൊമേഷ്യല്‍ എന്റര്ടെയ്ന് ആയ ചിത്രത്തില്‍ 12 പാട്ടുകളുണ്ട്. ആക്ഷനുണ്ട്. കുടുംബകഥയാണ്. അച്ഛന്റേയും മകന്റേയും കഥയാണ്. രണ്ടു പേരും കര്‍ണാടിക് ഗായകരാണ്.
അച്ഛനായി പുതുമുഖത്തെയാണ് നോക്കുന്നത്. കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതം അറിയണം. കഥ കളിയും അറിഞ്ഞിരിക്കണം. അച്ഛനെ കാസ്റ്റ് ചെയ്യുക വെല്ലുവിളിയാണ്. എസ്പി ബാലസുബ്രഹ്മണ്യം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തോട് അച്ഛന്റെ വേഷം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചേനെ. മോഹന്‍ലാല്‍ നന്നായി പാടും. സിനിമകളില്‍ പാടിയിട്ടുമുണ്ട്. പക്ഷെ അദ്ദേഹത്തെക്കൊണ്ട് ഈ സിനിമയില്‍ പാടിക്കില്ല,' പ്രിയദർശൻ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. അതേസമയം, ഭൂത് ബംഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlights: Mohanlal Priyadarshan movie update, Priyadarshan says he is looking for an actor to play Mohanlal's father