അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ‘ജനനായകന്’ സംഭവിക്കുന്നത്. ദളപതി വിജയ്യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ‘ജനനായകൻ’. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തുകയാണ് നടൻ കമൽ ഹാസൻ.
പൈറസി രാഷ്ട്രീയത്തിന് അതീതമാണെന്നും അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ് എന്നും കമൽ എക്സിൽ കുറിച്ചു. 'ജനനായകൻ ചോർന്നത് വെറും ഒരു ആക്സിഡന്റ് അല്ല. അത് വ്യവസ്ഥാപിത പരാജയത്തിന്റെ ഫലമാണ്. കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സർട്ടിഫിക്കേഷനിലെ അമിതമായ കാലതാമസം പൈറസിക്ക് വഴിവെച്ചു കൊടുത്തു. പൈറസി രാഷ്ട്രീയത്തിന് അതീതമാണ്; അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്. നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സൃഷ്ടികളെയും, സത്യസന്ധരായ നികുതി അടയ്ക്കുന്ന നിർമ്മാതാക്കളുടെയും, പ്രദർശകരുടെയും, തിയേറ്റർ ഉടമകളുടെയും, നമ്മൾ സ്നേഹിക്കുന്ന സിനിമയെ നിലനിർത്തുന്ന എല്ലാവരുടെയും നിക്ഷേപങ്ങളെയും ഇത് അപകടത്തിലാക്കുന്നു.
സിസ്റ്റം പരാജയപ്പെടുമ്പോൾ ആരാണ് സൃഷ്ടാവിനെ സംരക്ഷിക്കുന്നത്?. ഉത്തരവാദിത്തം, വേഗത്തിലുള്ള സർട്ടിഫിക്കേഷൻ, കർശനമായ നടപ്പാക്കൽ, തത്സമയ നീക്കം ചെയ്യലുകൾ എന്നിവ നമുക്ക് ആവശ്യമാണ്. മുൻകാലങ്ങളിൽ നിങ്ങൾ എന്നോടൊപ്പം നിന്നതുപോലെ, യഥാർത്ഥ സിനിമാ പ്രേമികൾ ഒന്നിച്ച് തിയേറ്ററുകളിൽ നിയമപരമായി സിനിമ കാണുന്നതിലൂടെ ഉചിതമായ പ്രതികരണം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു', കമൽ ഹാസന്റെ വാക്കുകൾ.
മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്.
The leak of #Jananayagan is not an accident - it is the result of systemic failure. Had due process been timely, we would not be here. Inordinate delays in certification created fertile ground for piracy. When legal access is stalled, illegitimate channels take over.Piracy is…
കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
Content Highlights: Kamal Haasan about Vijay film Jananayagan leak