ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ താൻ അനുഭവിച്ച അമാനുഷിക അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും ആ സംഭവം തന്നെ ഏറെ ചിന്തിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയമായി തെളിവില്ലെന്ന് പറഞ്ഞ അക്ഷയ്, തന്നെ ഈ വിഷയത്തിൽ ഏറെ ആലോചനകൾക്ക് പ്രേരിപ്പിച്ച ഒരു സംഭവം പങ്കുവെച്ചു.
മുൻപ് താമസിച്ചിരുന്ന ഒരു വീട്ടിൽ വച്ചാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ കോൺക്ലേവിൽ അക്ഷയ് കുമാർ ഓർത്തെടുത്തു. ഭൂത-പ്രേതാദികളിൽ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ഈ പരിപാടിയിൽ അദ്ദേഹം നേരിട്ട ചോദ്യങ്ങളിലൊന്ന്. 'ഒരു ദിവസം, എന്റെ മകൻ കിടക്കുകയായിരുന്നു. പെട്ടെന്ന് എവിടേക്കോ ചൂണ്ടി അവൻ പറഞ്ഞു, 'ഇവിടെ നിൽക്കരുത്, പോകൂ, നിങ്ങൾ പൊയ്ക്കോളൂ എന്ന്. ആരോടാണ് സംസാരിക്കുന്നതെന്ന് ഞാൻ അവനോട് ചോദിച്ചു. കുറച്ച് നിമിഷത്തേക്ക് ഞാനും ഞെട്ടിപ്പോയി. എന്റെ ഭാര്യ പറഞ്ഞു, കണ്ടോ, ഞാൻ പറഞ്ഞില്ലേ, ഇവിടെ ആരോ ഉണ്ട്. നമ്മുടെ മകൻ പോലും ആരോടോ സംസാരിക്കുന്നു. എന്തോ ഉണ്ട് എന്ന്. ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നതായി താരം പറയുന്നു. ലോകത്ത് അമാനുഷികമായ ചില ഊർജ്ജങ്ങൾ ഉണ്ടായേക്കാം എന്ന് താൻ കരുതുന്നു. ചില വ്യക്തികൾക്ക് ചുറ്റും പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊർജ്ജങ്ങളും നിലനിൽക്കുന്നുണ്ടാകാം എന്നും, നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊർജ്ജം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' ആണ് അക്ഷയ്യുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. പരേഷ് റാവൽ, വാമിഖ ഗബ്ബി എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.
Content Highlights: Akshay Kumar about the spooky experience he faced