ആട് സിനിമയിൽ ഞാന്‍ ആഗ്രഹിച്ചത് ഡ്യൂഡിനെ അല്ല, ഇഷ്ടപ്പെട്ട ക്യാരക്ടര്‍ വേറെ ആയിരുന്നു; വിനായകന്‍

ആട് സിനിമയില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കഥാപാത്രമേതെന്ന് വ്യക്തമാക്കി വിനായകന്‍

ആട് 3 സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ആരാധകര്‍. ആട് 1 പരാജയപ്പെട്ടെങ്കിലും ആട് 2 തീയേറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. എട്ടുവര്‍ഷത്തിനു ശേഷം ആട് 3 എത്തുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ആട് 3യില്‍ ഷാജിപാപ്പനും സംഘവുമെത്തുന്നത് രണ്ട് ടേമിലുള്ള കഥയുമായാണ്. ആട് സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. അതുകൊണ്ടു തന്നെ പുതിയ സീരിസില്‍ കഥാപാത്രങ്ങളുടെ പ്രകടനം കാണാനുള്ള കട്ട വെയിറ്റിംഗിലാണ് ആരാധകര്‍.

ഡ്യൂഡ് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിക്കുന്നത്. ഒരുപാട് ആരാധകരുള്ള കഥാപാത്രമാണ് ഡ്യൂഡ്. എന്നാല്‍ സിനിമയുടെ കഥ കേട്ടപ്പോള്‍ താന്‍ മറ്റൊരു കഥാപാത്രമാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ് അതിന് സമ്മതിച്ചില്ലെന്നുമാണ് വിനായകന്‍ പറഞ്ഞത്.

ആട് 3യുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് വിനായകന്‍ ഈക്കാര്യം പറഞ്ഞത്. സിനിമയുടെ കഥ മുഴുവന്‍ കേട്ടപ്പോള്‍ അറക്കല്‍ അബുവിന്റെ കഥാപാത്രം ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. ഡ്യൂഡിനേക്കാള്‍ കിടിലം ക്യാരക്ടര്‍ അറക്കല്‍ അബുവാണെന്ന് തോന്നി. മിഥുനോട് അത് പറയുകയും ചെയ്തു. അറക്കല്‍ അബുവിന്റെ റോള്‍ ഞാന്‍ ചെയ്തോട്ടെ എന്ന് ചോദിച്ചു. പക്ഷെ അയാള്‍ അതിന് സമ്മതിച്ചില്ല. എന്നോട് ഡ്യൂഡ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഡ്യൂഡിനെ ഞാനും അബുവിനെ സൈജുവും അവതരിപ്പിച്ചത്. ഇപ്പോള്‍ അത് മാറാന്‍ പറ്റാത്ത അവസ്ഥയാണ്. അത്രമാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ ഇടയില്‍ രജിസ്റ്റര്‍ ആയിക്കഴിഞ്ഞു'' എന്നാണ് വിനായകന്‍ പറയുന്നത്.

അതേസമയം, ഗള്‍ഫില്‍ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റിയേക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒട്ടേറെ പ്രേക്ഷകര്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമയ്ക്ക് ഒപ്പം നിന്നുകൊണ്ട്, പറഞ്ഞ തീയതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവര്‍ അറിയിച്ചു. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയുമാണ് ഈ ഫ്രാഞ്ചൈസിനെയും തങ്ങളെയും വളര്‍ത്തിയതെന്നും അതുകൊണ്ട് തന്നെ ഈ സമയത്ത് അവരിലേക്ക് കൂടുതല്‍ സന്തോഷവും സമാധാനവും സ്‌നേഹവും വിനോദവും എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവര്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Vinayakan reveals the character he wanted to play in the movie Aadu

To advertise here,contact us