'മോഹൻലാലിന്റെ മാന്ത്രികത മുതൽ സഞ്ജു സാംസണിന്റെ ഗാംഭീര്യം വരെ കേരളത്തിന്റെ മിടുക്കിന്റെ പാരമ്പര്യം തുടരുന്നു'

സഞ്ജു സാംസണിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. 'മോഹൻലാലിന്റെ മാന്ത്രികത മുതൽ സഞ്ജു സാംസണിന്റെ ഗാംഭീര്യം വരെ കേരളത്തിന്റെ മിടുക്കിന്റെ പാരമ്പര്യം തുടരുന്നു'വെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പ്രിയദർശൻ കുറിച്ചു. സഞ്ജുവിന്റെ നേട്ടത്തിൽ സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ആശംസകൾ പങ്കുവെക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് എത്തിയ സഞ്ജുവിനെ മന്ത്രി വി ശിവൻകുട്ടിയും എ എ റഹീം എംപിയും ചേർന്ന് സ്വീകരിച്ചു. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് സഞ്ജു എത്തിയത്. സഞ്ജുവിന് തിരുവനന്തപുരത്തുവെച്ച് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വിശിവൻകുട്ടി അറിയിച്ചിരുന്നു.

2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച താരങ്ങളില്‍ ഒരാളായിരുന്നു സഞ്ജു. ഫൈനലില്‍ അദ്ദേഹം നേടിയ 89 റണ്‍സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വര്‍ഷങ്ങളോളം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രധാന താരമാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് സഞ്ജു അറിയപ്പെടുന്നത്.

ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഓപ്പണര്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും സഹിതം 89 റണ്‍സ് നേടി. മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡും സഞ്ജു തകര്‍ത്തു. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.

Content Highlights: Renowned filmmaker Priyadarshan congratulated Indian cricketer Sanju Samson. The director praised Samson’s performance and dedication to the sport. Priyadarshan expressed pride in seeing a Kerala-born player achieve success at the national and international level.

To advertise here,contact us