സി ജെ റോയ്‌യുടെ മടക്കം ഭാവന ചിത്രം റിലീസിന് ഒരുങ്ങവെ: മരയ്ക്കാർ അടക്കം മൂന്ന് മോഹൻലാൽ സിനിമകളുടെ നിർമ്മാതാവ്

മോഹൻലാലിന്റെ സിനിമകളാണ് ഏറ്റവും കൂടുതൽ ഇദ്ദേഹം നിർമിച്ചിരിക്കുന്നത്. മോഹൻലാലുമായി അടുത്ത സൗഹൃദവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

പ്രമുഖ ബില്‍ഡര്‍ സി ജെ റോയ്‌യുടെ മരണം ബിസിനസ് രംഗത്തെ മാത്രമല്ല മലയാള സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സിനിമകളാണ് ഇദ്ദേഹം മലയാളത്തിൽ നിർമിച്ചിട്ടുള്ളത്. കാസിനോവ മുതൽ അനോമി വരെയുള്ള സിനിമകളിൽ നിർമ്മാണ പങ്കാളിയായിരുന്നു സി ജെ റോയ്. ഒരിടവേളയ്ക്ക് ശേഷം നടി ഭാവന തിരിച്ചെത്തുന്ന അനോമി എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു സി ജെ റോയ്. അനോമിയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് സിനിമയുടെ നിർമ്മാതാവ് കൂടിയായ സി ജെ റോയ്‌യുടെ വിടവാങ്ങൽ.

നടി ഭാവനയും, ആദിത് പ്രസന്ന കുമാറും സി ജെ റോയ്‌യും ചേർന്നാണ് അനോമിയുടെ നിർമാണം. ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലേക്ക് എത്തുന്നത്. അനോമി അടക്കം മലയാളത്തിൽ ആറ് സിനിമകളുടെ നിർമാണ പങ്കാളിയാണ് സി ജെ റോയ്. മോഹൻലാലിന്റെ സിനിമകളാണ് ഏറ്റവും കൂടുതൽ അദ്ദേഹം നിർമിച്ചിരിക്കുന്നത്. മോഹൻലാലുമായി അടുത്ത സൗഹൃദവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

2012 ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം കാസിനോവയിലൂടെയാണ് സി ജെ റോയ് ചലച്ചിത്ര നിർമാണ രംഗത്തേക്ക് എത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആശിർവാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ് സി ജെ റോയ് കാസിനോവ നിർമിച്ചത്. 12 കോടി ബജറ്റിൽ ഒരുങ്ങിയ കാസിനോവ അക്കാലത്തെ ബിഗ്ബജറ്റ് സിനിമകളിലൊന്നായിരുന്നു. തൊട്ടടുത്ത വർഷം 2013 ൽ മറ്റൊരു മോഹൻലാൽ ചിത്രവും ഇദ്ദേഹം നിർമിച്ചു. ഈ സിനിമയും ആശിർവാദ് സിനിമാസിനൊപ്പം ആന്റണി പെരുമ്പാവൂരുമായി ചേർന്നാണ് ഒരുക്കിയത്. മോഹൻലാലും മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ ആയിരുന്നു ഈ ചിത്രം. 10 കോടിയിലാണ് സിനിമ ഒരുങ്ങിയത്.

ജിബു ജേക്കബ് സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായി എത്തിയ മേം ഹൂം മൂസ എന്ന ചിത്രവും സി ജെ റോയ് നിർമിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ സിനിമയിൽ തോമസ് തിരുവല്ലയുമായി ചേർന്നാണ് നിർമാണം പങ്കിട്ടത്. ടൊവിനോ തോമസ്, തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഐഡന്റിറ്റി എന്ന സിനിമയും ഇദ്ദേഹം നിർമിച്ചതാണ്. 12 കോടിയിൽ രാജു മല്ലിയതുമായി ചേർന്ന് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.

പ്രിയദർശൻ സംവിധാനത്തിൽ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ രാജാവ് എന്ന സിനിമയുടെ കോ പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു സി ജെ റോയ്. 100 കോടിയിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമ നിർമ്മാണം കൂടാതെ ടെലിവിഷൻ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസൺ 11 സ്പോൺസർ ചെയ്തത് കോൺഫിഡൻ്റ് ഗ്രൂപ്പ് ആയിരുന്നു. സ്റ്റാർ സുവർണ്ണയുടെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയും കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു സ്പോൺസർ ചെയ്തിരുന്നത്. മലയാളം ബിഗ് ബോസ് സീസൺ 7 റണ്ണർഅപ് അനീഷ് ടി.എയ്ക്ക് ഷോ കഴിഞ്ഞതിന് ശേഷം സി ജെ റോയ് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകിയതും ചർച്ചയായിരുന്നു.

അതേസമയം, ആദായ വകുപ്പ് റെയ്ഡിനിടെയാണ് ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത്. കൊച്ചി സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു.

റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.

Content Highlights- Films produced by Confident Group founder CJ Joy, films are in the news after his death. produced three Mohanlal films including Marakkar: Arabikadalinte Simham; his last production was Bhavana-starrer Anomie.

To advertise here,contact us