അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രമാണ് മങ്കാത്ത. അജിത്തിനെ വില്ലനായി അവതരിപ്പിച്ച ചിത്രം വമ്പൻ വിജയമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസിലും റെക്കോർഡ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിലീസിൽ വെങ്കട്ട് പ്രഭു പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിജയ്ക്കും അജിത്തിനും ഒപ്പം മങ്കാത്ത സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് എടുത്ത പഴയ ഒരു ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ചിത്രം എന്നാണ് വെങ്കട്ട് പ്രഭു കുറിച്ചിരിക്കുന്നത്. അതുമാത്രമല്ല മങ്കാത്തയുടെ ക്ലൈമാക്സ് ആരും പങ്കുവെക്കരുതെന്നും ഫണ്ണിയായി വെങ്കട്ട് പ്രഭു കുറിച്ചിട്ടുണ്ട്. 'ഇന്ന് മുതൽ മങ്കാത്തയെ വീണ്ടും കാണാനുള്ള സമയമായി!! ദയവായി ക്ലൈമാക്സ് വെളിപ്പെടുത്തി.. അനുഭവം നശിപ്പിക്കരുത്!! ഈ ചിത്രം മങ്കാത്ത ഷൂട്ടിംഗിനിടെയുള്ള മറക്കാനാവാത്ത നിമിഷമാണ്!!! അടുത്ത കാലത്തൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്തത്!!! മങ്കാത്ത ആസ്വദിക്കാം,' വെങ്കട്ട് പ്രഭു കുറിച്ചു.
It’s time to re live Mankatha from today!! Please don’t reveal the climax.. and spoil the experience😁😁😁!! This picture is the மறக்க முடியாத moment during #mankatha shoot!!! Which can never ever happen in the near future!! Hope and wish I am wrong!!! LETS ENJOY MANKATHA pic.twitter.com/zy4eKGF5QU
അതേസമയം, പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം, മങ്കാത്ത തമിഴ് നാട്ടിൽ ആദ്യ ദിനത്തിൽ 2.25 കോടി രൂപയിലധികം പ്രീ സെയിൽ നേടിയിട്ടുണ്ട്. വിജയ് ചിത്രം ഗില്ലിയുടെ പ്രീ സെയിലിനെ മറികടന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഗില്ലിയുടെ 2.15 ആയിരുന്നു പ്രീ സെയിൽ കളക്ഷൻ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തമിഴ് നാട്ടിൽ ഒരു റീ-റിലീസ് ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രീ സെയിൽ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മങ്കാത്ത. ഗില്ലിയുടെ ഫസ്റ്റ് ഡേ കളക്ഷനും മങ്കാത്ത മറികടക്കും എന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്.
2011 ലാണ് മങ്കാത്ത പുറത്തിറങ്ങുന്നത്. പ്രേംജി, തൃഷ, ആൻഡ്രിയ, അർജുൻ, ലക്ഷ്മി റായ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അജിത്തിന്റെ അൻപതാമത് ചിത്രം കൂടിയാണ് മങ്കാത്ത. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും വെങ്കട്ട് പ്രഭു ആണ്.
Content Highlights: Venkat Prabhu posted a photo from the Mankatha set featuring Ajith and Vijay together.