ഒഴിഞ്ഞ സീറ്റുകൾ, എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു റീ റിലീസ്! രണ്ടാം വരവിൽ ആരുമറിയാതെ മോഹൻലാലിൻ്റെ 'റൺ ബേബി റൺ'

മറ്റു മോഹൻലാൽ റീ റിലീസുകളിൽ നിന്ന് വിപരീതമായി മോശം വരവേൽപ്പാണ് റൺ ബേബി റണ്ണിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്

മോഹൻലാലിന്റെ സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ സിനിമകൾ എല്ലാം റീ റിലീസിൽ വലിയ നേട്ടങ്ങൾ ആണ് കൊയ്തത്. തിയേറ്ററിൽ ആരവമുണ്ടാക്കിയും കളക്ഷനിൽ മുന്നേറ്റമുണ്ടാക്കിയും ഈ സിനിമകൾ എല്ലാം കടന്നുപോയി. ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസ് ചെയ്തിരിക്കുകയാണ്. ജോഷി ഒരുക്കിയ റൺ ബേബി റൺ ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഇന്നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ മറ്റു മോഹൻലാൽ റീ റിലീസുകളിൽ നിന്ന് വിപരീതമായി മോശം വരവേൽപ്പാണ് റൺ ബേബി റണ്ണിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. വെറും 3.06 ലക്ഷം മാത്രമാണ് സിനിമയ്ക്ക് പ്രീ സെയിലിൽ നേടാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു റീ റിലീസ് എന്നാണ് ആരാധകർ ഉൾപ്പെടെ ചോദിക്കുന്നത്. റീ റിലീസ് ചെയ്യാൻ പാകത്തിൽ നിറയെ മോഹൻലാൽ സിനിമകൾ ഉണ്ടെന്നും റൺ ബേബി റൺ വേണ്ടിയിരുന്നില്ല എന്നാണ് മറ്റു കമന്റുകൾ.

ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്.

#RunBabyRun in Cinemas from today !!Kerala Final Pre-sales : 3.06 Lakhs Very limited shows & zero promotions 👎Already a Super-Hit on its initial release, but not a good choice for Re-release in the current scenario.. #Mohanlal #AmalaPaul #RunBabyRunMovie pic.twitter.com/0mkcc6OBIb

മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പോലെ ഗുരു, ഉദയനാണ് താരം, നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം രാവണപ്രഭുവാണ്. സിനിമ റീ റിലീസിന് എത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയിൽ കൂടുതൽ കളക്ഷൻ രാവണപ്രഭു നേടിയിട്ടുണ്ട്. റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്.

Content Highlights: Mohanlal film Run baby run gets poor response in re release

To advertise here,contact us