ക്യൂബ്സ് എന്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' സിനിമയുടെ ചങ്കിടിപ്പേറ്റുന്ന ടീസർ പുറത്ത്. കാട്ടുകൊമ്പനെ കീഴ്പ്പെടുത്തുന്ന അത്യന്തം രക്തരൂക്ഷിതമായ ദൃശ്യങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളാണ് സിനിമയിലേതെന്ന് ടീസർ അടിവരയിടുന്നുണ്ട്.
'മാർക്കോ' പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാം എന്ന് ടീസറിൽ നിന്ന് മനസ്സിലാക്കാം. സ്റ്റൈലിഷ് ലുക്കിലാണ് ടീസറിൽ പെപ്പെയേയും കബീർ സിംഗിനേയും ഹനാൻ ഷായേയും അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ടീസറും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരിക്കുകയാണ്. ടീസറിന് മുമ്പേ നൽകിയിരിക്കുന്ന ഡിസ്ക്ലെയിമർ തന്നെ ശ്രദ്ധേയമാണ്. ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നുമുള്ള അറിയിപ്പ് തന്നെ കാട്ടാളൻ ഒരു അത്ഭുതമാകുമെന്ന സൂചന നൽകുന്നുണ്ട്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിന് തായ്ലൻഡിലായിരുന്നു തുടക്കം കുറിച്ചത്. ലോക പ്രശസ്ത തായ്ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ഓങ്-ബാക്കിന്റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് കാട്ടാളൻ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് കാട്ടാളൻ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ് രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകൾ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളൻ' സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്.
ചിത്രത്തിൽ പെപ്പെ തന്റെ യഥാർത്ഥ പേരായ ആൻറണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Kattalan movie starring Antony Varghese Pepe releases teaser. The movie is from the makers of Marco. The teaser promises grand scale action sequences