2255: പുതിയ ഇന്നോവയ്ക്കും ഇഷ്ടനമ്പർ; മോഹന്‍ലാല്‍ മുടക്കിയത് ലക്ഷങ്ങള്‍; നടന്നത് വാശിയേറിയ ലേലം

തന്‍റെ പുതിയ വാഹനത്തിനും 2255 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍

കാക്കനാട്: 2255 എന്ന നമ്പറില്‍ ഒരു വാഹനം മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഏതൊരു മലയാളിയും ആദ്യം ഓർക്കുക മോഹന്‍ലാലിനെയായിരിക്കും. ആ നമ്പർ അത്രയധികം മലയാളി മനസ്സുകളില്‍ പതിഞ്ഞിരിക്കുന്നു. മോഹന്‍ലാലിന് ആദ്യമായി സൂപ്പർതാരപരിവേഷം നല്‍കിയ രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ 'മൈ ഫോൺ നമ്പർ ഈസ് 2255'എന്ന ഡയലോഗിനെ അനുസ്മരിപ്പിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ തന്‍റെ വാഹനങ്ങള്‍ക്കും 2255 എന്ന നമ്പർ സ്വന്തമാക്കാന്‍ തുടങ്ങിയത്.

ഇപ്പോഴിതാ തന്‍റെ പുതിയ വാഹനത്തിനും 2255 എന്ന നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ07 ഡിജെ 2255 എന്ന നമ്പറിനായി 1.80 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുടക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിലയുള്ള ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് പുതിയ നമ്പർ.

ഓണ്‍ലൈനായി നടന്ന ലേലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു ഡിജെ 2255 എന്ന നമ്പറിനായി രംഗത്തുണ്ടായിരുന്നത്. എറണാകുളം ജോയിന്റ് ആർടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം.

പതിനായിരം രൂപ അടിസ്ഥാന നിരക്കിട്ടാണ് ലേലം തുടങ്ങിയത്. വിളിച്ച് വിളിച്ച് 1.45 ലക്ഷത്തിലേക്ക് എത്തിയതോടെ മോഹന്‍ലാലിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത പ്രതിനിധി ഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു. ഇതോടെ എതിരാളികള്‍ പിന്മാറി. 5000 രൂപ അടച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ നമ്പർ ബുക്ക് ചെയ്തിരുന്നു. താരത്തിന് പുറമെ രണ്ടുപേർ കൂടെ 2255 എന്ന നമ്പറിനായി രംഗത്ത് വന്നതോടെയാണ് ലേലത്തിലേക്ക് പോകാന്‍ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുന്നത്.

അതേസമയം, മോഹന്‍ലാലിന്‍റെ കാരവാനിന്‍റെ നമ്പർ KL 07 CZ 225 ആണ്. പലപ്പോഴും താരം സഞ്ചരിച്ച് കാണുന്ന ആഡംബര എംപിവി മോഡലായ വെല്‍ഫെയറിന്‍റെ നമ്പർ 2020 ഉം എസ് യു വി മോഡലായ റേഞ്ച് റോവറിന് KL 07 DB 0001 എന്ന നമ്പറുമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ തന്റെ വോൾവോ XC 60 എസ്‌യുവിക്കായി ആന്റണി പെരുമ്പാവൂർ 2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. എറണാകുളം ആർടി ഓഫീസിൽ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 320000 രൂപയായിരുന്നു ഇഷ്ട നമ്പറിനായി ആന്റണി മുടക്കിയത്.

Content Highlights: Actor Mohanlal bought the registration number 2255 for his new Toyota Innova Highcross. He secured the preferred number by spending Rs 1.80 lakh at an official vehicle number auction

To advertise here,contact us