'അമ്മ ഇപ്പോൾ സംസാരിക്കുന്നതിന് വ്യക്തത ഇല്ല, പക്ഷെ എനിക്ക് എല്ലാം മനസിലാകും', മോഹൻലാൽ

അമ്മയുടെ പ്രായത്തിലുള്ളവർ ആരോഗ്യത്തോടെ നടക്കുന്നത് കാണുമ്പോൾ എന്റെ അമ്മയും ഇതുപോലെ നടക്കേണ്ടതാണെന്ന് ഓർക്കാറുണ്ട്; പഴയ ഒരു അഭിമുഖത്തിൽ മോഹൻലാൽ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ വിടപറയുകയാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഏറെനാളായി ചികിത്സയിലായിരുന്നു അമ്മ. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തിൽ മോഹൻലാൽ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.തന്റെ അമ്മയുടെ പ്രായത്തിലുള്ളവർ ആരോഗ്യത്തോടെ നടക്കുന്നത് കാണുമ്പോൾ എന്റെ അമ്മയും ഇതുപോലെ നടക്കേണ്ടതാണെന്ന് ഓർക്കാറുണ്ടെന്നും 'അമ്മ പറയുന്നതിൽ ഇപ്പോൾ വ്യക്തത ഇല്ലെങ്കിലും തനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കൈരളി ടി വിയുടെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് മോഹൻലാൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ടത്.

മോഹൻലാലിന്റെ ആദ്യ സിനിമയെക്കുറിച്ചായിരുന്നു ശാന്തകുമാരി അമ്മ ആദ്യം പറഞ്ഞു തുടങ്ങിയത്. 'ആ ഒരു പയ്യനെ പിടിച്ച് വില്ലനാക്കിയതിൽ എനിക്ക് സങ്കടം വരും. പിന്നെ അതിൽ നിന്നല്ലേ തുടക്കം, നന്നായിട്ടുണ്ട് എന്നാലും എനിക്ക് വിഷമമുണ്ട്. അന്നൊക്കെ ഞാൻ ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ ദേഹത്ത് മുറിവോ ചതവോ ഉണ്ടോ എന്ന് നോക്കും. അന്നും നോക്കും ഇന്നും നോക്കും,' എന്നാണ് 'അമ്മ പറഞ്ഞിരുന്നത്. ഇതിന് മറുപടിയാണ് മോഹൻലാൽ അഭിമുഖത്തിൽ പറയുന്നത്.

'ഞാൻ വളരെ കാലത്തിന് ശേഷമാണ് എന്റെ അമ്മയെ ഇങ്ങനെ കാണുന്നത്. അമ്മ ഇപ്പോൾ സംസാരിക്കുന്നതിന് ഒരു ക്ലാരിറ്റി ഇല്ല. പക്ഷെ 'അമ്മ സംസാരിക്കുന്നത് നമ്മുക്ക് മനസിലാകും. പണ്ട് തിരുവന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോൾ അമ്മ വന്ന നോക്കാറുണ്ട് എന്തിനാണ് നീ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. ഫൈറ്റ് വളരെ അപകടം ഉള്ള കാര്യമാണ്, സിനിമയിൽ ഒരുപാട് പേർ മരിച്ചു പോയിട്ടുണ്ട്.

കാർ ഓടിച്ചു പോകുമ്പോൾ എന്റെ അമ്മയുടെ പ്രായത്തിലുള്ളവർ അല്ലെങ്കിൽ അതിനേക്കാൾ പ്രായമുള്ളവർ കുട പിടിച്ച് നടന്നു പോകുമ്പോൾ എല്ലാം ഞാൻ ആലോചിക്കും. എന്റെ അമ്മയും ഇങ്ങനെ തന്നെ ആയിരുന്നു ഇരിക്കേണ്ടിയിരുന്നത്. പക്ഷെ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. അതിനെക്കുറിച്ച് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല, പെട്ടന്നാണ് അത് സംഭവിച്ചത്. ആർക്കും സംഭാവികുന്ന കാര്യമാണ് അത്. സ്റ്റെനോസിസ് എന്നത് പെട്ടന്ന് ചെറുതായി ചെറുതായി പെട്ടന്ന് ബ്ലോക്ക് ആയതാണ്. തീർച്ചയായും ഒരു അത്ഭുതം സംഭവിക്കും.

അമ്മയ്ക്ക് ഇത് സംഭവിച്ചപ്പോൾ മാതാ അമൃതാനന്ദമയിയെയാണ് ഞാൻ ആദ്യം വിളിക്കുന്നത്. എന്നോട് അവർ പറയുന്നത് മോൻ വളരെ അധികം സന്തോഷിക്കണം മോന്റെ വീട്ടിൽ വെച്ചാണ് അമ്മയ്ക്ക് അസുഖം ഉണ്ടായത്. ഇത് തിരുവന്തപുരത്താണെങ്കിൽ ആരും ഉണ്ടാകില്ല. എന്നിട്ട് നേരെ മോൻ നമ്മുടെ ആശുപത്രിയിലാണ് കൊണ്ട് പോയത് എന്നാണ്. അത് നേരത്തെ ആരോ തീരുമാനിച്ച പോലെ ആയിരുന്നു.

എനിക്ക് എന്തേലും വയ്യാതായാൽ 'അമ്മ വിളിക്കും, പക്ഷെ അവർ ചോദിക്കുമ്പോൾ നമ്മൾ ഇല്ലെന്ന് മാത്രമേ പറയുകയുള്ളൂ കാരണം അതൊരു ബന്ധമാണ്. അവർക്ക് അറിയാൻ പറ്റും. അതുപോലെ അമ്മയ്ക്കും എന്തെങ്കിലും പറ്റിയാൽ ഞാനും ചോദിക്കും. ഒരുപാട് മാസം അവരുടെ ഉള്ളിൽ കിടന്നിട്ടാണലോ വരുന്നത്. ഇപ്പോൾ 'അമ്മ ഓർമകളിലേക്ക് തിരിച്ച് വന്നുകൊണ്ട് ഇരിയ്ക്കുകയാണ്. അങ്ങനെ ഒരു അമ്മയ്ക്കും വരാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം,' മോഹൻലാൽ പറഞ്ഞു.

അതേസമയം, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാല്‍, സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍. സംസ്കാരം നാളെയാണ്.

Content Highlights: Mohanlal Said About His Mother: "My Mother Is Not Speaking Clearly Now, But I Understand Everything."

To advertise here,contact us