

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. സിനിമയുടെ പ്രീ റിലീസ് ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ടീസറിൽ വിനായകന്റെ പേര് വി'നായകൻ' എന്നെഴുതിയത് വലിയ ചർച്ചയാകുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഇതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ചിരിപടർത്തുകയാണ്.
'വി'നായകൻ' എന്ന് എഴുതുമ്പോൾ അതിൽ നായകൻ എന്നുള്ളതാണ് ഡോമിനേറ്റ് ചെയ്യുന്നത്. വിനായകനാണ് നായകൻ അതുകൊണ്ടാണ് അങ്ങനെ. കിട്ടുന്ന ചാൻസിൽ അല്ലെ അങ്ങനെ ചെയ്യാൻ പറ്റൂ. എന്റെ പേരിൽ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ. മ'മ്മൂട്ടി' എന്നെഴുതാൻ പറ്റില്ലല്ലോ', മമ്മൂട്ടിയുടെ വാക്കുകൾ. ടീസറിൽ ആദ്യം വിനായകന്റെ പേരെഴുതി കാണിക്കുമ്പോൾ വിഐ എന്നത് വെള്ളയിലും ബാക്കി ചുവപ്പിലുമാണ്.
ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

ഡിസംബർ അഞ്ചിനാണ് സിനിമ പുറത്തിറങ്ങുന്നത്. അഡ്വാൻസ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങ്ങിൽ ലഭിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് സൂചന.
Content Highlights: Mammootty about Vinayakan name