വാരാണസി സിനിമയുടെ ലോഞ്ച് പരിപാടിയിലെ പൃഥ്വിരാജിന്റെ കിടിലൻ എൻട്രി കണ്ടപ്പോൾ തനിക്ക് ടെൻഷൻ ആയിരുന്നുവെന്ന് നടൻ ഇന്ദ്രജിത്ത്. ആ പരിപാടിയുടെ കുറച്ച് നാൾ മുൻപ് രാജുവിന്റെ മുട്ടിന് ചെറിയ പ്രശ്നമുണ്ടായിരുന്നുവെന്നും താൻ ശ്രദ്ധിച്ചത് ആ കാര്യമാണെന്നും നടൻ പറഞ്ഞു. കൂടാതെ സഹോദരൻ എന്ന നിലയിൽ രാജുവിനെ ഓർത്തു അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്.
'ഞാൻ ആ വീഡിയോ ആദ്യം കണ്ടപ്പോൾ ആലോചിച്ചത് വേറെയൊന്നുമല്ല, രാജുവിന് മുട്ടിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. അപ്പോൾ രാജു ഇങ്ങനെ സ്റ്റേജിലേക്ക് അടിയിൽ നിന്ന് ചാടി വന്നപ്പോൾ അതായിരുന്നു ഞാൻ ശ്രദ്ധിച്ചത്. പക്ഷേ വാരാണസി ഇന്ത്യൻ സിനിമയിലെ വലിയൊരു പ്രൊഡക്ഷനാണ് അപ്പോൾ അതിന്റെ ലോഞ്ചിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ രാജു എന്ന് പറയുന്നത് വലിയ കാര്യമാണ്. സഹോദരൻ എന്ന നിലയിൽ രാജുവിനെ ഓർത്തു അഭിമാനിക്കുന്നു. പൃഥിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ നമ്മൾക്ക് എല്ലാവർക്കും അഭിമാനിക്കാം'.
'നമ്മുടെ ആർട്ടിസ്റ്റുകളെ മാത്രമല്ല, സിനിമകളെയും മറ്റ് ഇൻഡസ്ട്രികൾ ആഘോഷിക്കുന്നുണ്ട്. വളരെ നല്ല കോൺടെന്റ് ഉള്ള സിനിമകളാണ് മലയത്തിൽ പുറത്തിറങ്ങുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില് പോയാൽ ഒരു മലയാളി നടൻ ആണെന്ന് പറയുമ്പോൾ ലഭിക്കുന്ന ബഹുമാനം വലുതാണ്', ഇന്ദ്രജിത്ത് പറഞ്ഞു.
എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയായ വാരാണസിയുടെ ലോഞ്ചിലാണ് പൃഥ്വിരാജിന് കിടിലൻ എൻട്രി ലഭിച്ചത്. മലയാള സിനിമയിൽ വേറെ ആർക്കും ലഭിക്കാത്തൊരു അംഗീകാരമായിരുന്നു അത്. നിരവധി പേരാണ് നടന്റെ എൻട്രി കണ്ട് ഞെട്ടിയത്. കൂടാതെ മലയാളികൾക്ക് അഭിമാനായി പൃഥ്വി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമയിൽ ഒരു പ്രധാന ഭാഗമായി എന്നതും ആരാധകരുടെ ഇടയിലും സന്തോഷം നൽകിയ ഒന്നായിരുന്നു.
രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര് ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്ആര്ആറിന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില് ആഗോളതലത്തില് തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന് നടത്തിയ ബോഡി ട്രാന്സ്ഫർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള് നേരത്തെ പൂര്ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങള് പുറത്തുവന്നിട്ടില്ല.
Content Highlights: Indrajith talks about Prithvirajs grand jump entry at varanasi movie launch