ലാലേട്ടൻ ഓട്ടം തുടരുകയാണ്.. രാവണപ്രഭുവിന് ഭീഷണിയാകുമോ റൺ ബേബി റൺ, റീ റിലീസ് പ്രഖ്യാപിച്ച് ചിത്രം

മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്

വലിയ റിപ്പീറ്റ് വാല്യൂ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ സവിശേഷതയാണ്. മലയാളത്തിൽ വേറെ ഒരു നടനും ഇത്രയും സിനിമകൾ റീ റിലീസ് ചെയ്ത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാൻ സാധിക്കില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ റീ റിലീസ് സിനിമകൾക്ക് ശേഷം മോഹൻലാലിന്റെ അടുത്ത ചിത്രം റൺ ബേബി റൺ ആണ് തിയേറ്ററിലേക്ക് എത്തുന്നത്.

4K റീമാസ്റ്റർ ചെയ്ത പതിപ്പ് 2025 ഡിസംബർ അഞ്ചിന് വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്.

മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പോലെ ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും ഒടുവിൽ റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം രാവണപ്രഭുവാണ്. 2001 ൽ രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത രാവണപ്രഭുവിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. സിനിമയിലെ മാസ് ഡയലോഗുകൾ ഇന്നും ആരാധകർക്ക് കാണാപ്പാഠമാണ്. സിനിമ റീ റിലീസിന് എത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയിൽ കൂടുതൽ കളക്ഷൻ രാവണപ്രഭു നേടിയിട്ടുണ്ട്. റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്.

Content Highlights:  Mohanlal's Run Baby Run movie re-release announced

To advertise here,contact us