'വെള്ള സാരി ആയിരിക്കുമെന്നാണ് കരുതിയത്, പക്ഷെ ഷിഫോൺ സാരി ഉടുത്ത പ്രേതമായിരുന്നു ആ സിനിമയിൽ ഞാൻ'; രാജശ്രീ

'പ്രേത സിനിമകൾ കാണുമ്പോൾ പകലും ഡോർ തുറന്നിടും. ഞാൻ അഭിനയിച്ച ചിത്രമായത് കൊണ്ട് മേഘസന്ദേശം കാണാൻ എനിക്ക് കുഴപ്പമില്ല'

മേഘസന്ദേശത്തിൽ പ്രേതമായി മലയാളികളെ ഞെട്ടിച്ച നടിയാണ് രാജശ്രീ നായർ. ഒരിടവേളയ്ക്ക് ശേഷം വിലായത്ത് ബുദ്ധയിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കാൻ ഒരുങ്ങുകയാണ് നടി. ഇപ്പോഴിതാ തന്റെ പഴയ സിനിമകളുടെ ഓർമകൾ പങ്കിടുകയാണ് രാജശ്രീ. മേഘസന്ദേശമായിരുന്നു നടിയുടെ ആദ്യ മലയാള സിനിമ. അത്രയും കാലം പ്രീതനാണ് വെള്ള സാരിയിൽ ആയിരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ ആ സിനിമയിൽ താൻ ഷിഫോൺ സാരിയിലായിരുന്നുവെന്നും നടി പറഞ്ഞു. നല്ല റോളുകൾ ലഭിക്കാത്തത് കൊണ്ടാണ് മലയാളത്തിൽ സിനിമകൾ ചെയ്യാത്തതെന്നും നടി പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മേഘസന്ദേശം ചെയ്യുന്നതിന് മുൻപ് എന്റെ മനസിൽ പ്രേതം വെള്ള സാരി ഉടുത്ത് നടക്കുന്നത് തന്നെയായിരുന്നു. പക്ഷെ എനിക്ക് ആ സിനിമയിൽ ഷിഫോൺ സാരിയും കളർ സാരികളും ആയിരുന്നു. നല്ല പാട്ടും. സിനിമ ഇറങ്ങിയതിന് ശേഷമാണ് ഇഡലി കഴിക്കുന്ന പ്രേതം എന്ന ട്രോൾ വരുന്നത്. സിനിമയിൽ 'മധുമാസം വിരിയുന്നു' എന്ന ഗാനത്തിലെ ഡാൻസിന് ട്രോളുകൾ ഉണ്ടാകുമെന്ന് വിചാരിച്ചില്ല. മേഘസന്ദേശം കണ്ട് പേടിച്ചിട്ടുണ്ട് എന്ന് എന്നോട് പറയുന്നവരോട് ഞാൻ ചോദിക്കാറുണ്ട് ശരിക്കും പിടിച്ചിട്ടുണ്ടോ എന്ന്.

എനിക്ക് ഹൊറർ കഥകൾ പേടിയാണ്. പ്രേത സിനിമകൾ കാണുമ്പോൾ പകൽ ഡോർ തുറന്നിടും. ഞാൻ അഭിനയിച്ച ചിത്രമായത് കൊണ്ട് മേഘസന്ദേശം കാണാൻ എനിക്ക് കുഴപ്പമില്ല. മേഘസന്ദേശം കഴിഞ്ഞിട്ട് എനിക്ക് വന്ന രണ്ട് സിനിമകൾ പ്രേത കഥകൾ തന്നെ ആയിരുന്നു. ഇനി ഹൊറർ സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞത് ഞാനാണ്,' രാജശ്രീ നായർ പറഞ്ഞു.

നല്ല റോളുകൾ ലഭിക്കാത്തത് കൊണ്ടാണ് മലയാള സിനിമയിൽ ഗ്യാപ്പ് വന്നതെന്നും രാജശ്രീ കൂട്ടിച്ചേർത്തു. 'ഞാൻ കൂടുതലും തെലുങ്കിലാണ് ചെയ്യുന്നത്. തമിഴും, ഹിന്ദിയും ചെയ്തു. വിലായത്ത് ബുദ്ധയ്ക്ക് ശേഷം മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിലായത് ബുദ്ധ തന്നെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.' രാജശ്രീ നായർ പറഞ്ഞു.

രാജസേനന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ഹൊറർ ചലച്ചിത്രമാണ് മേഘസന്ദേശം. സുരേഷ് ഗോപി, സംയുക്ത വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയവർ ആയിരുന്നു സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നത്. സിനിമയിലെ ഹൊറർ സീനുകൾക്ക് അക്കാലത്ത് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

Content Highlights:  Rajashree Nair shares memories of the movie Meghasandesham

To advertise here,contact us