മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം "നിലാ കായും" കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഒരു തമിഴ് ഗാനമായിട്ടാണ് നിലാ കായും ഒരുക്കിയിരിക്കുന്നത്. കളങ്കാവലിലെ പാട്ടുകൾ എല്ലാം ഒരു റെട്രോ മൂഡിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പറയുകയാണ് ഗാനരചയിതാവായ വിനായക് ശശികുമാർ.
'കളങ്കാവലിലെ അഞ്ച് പാട്ടുകളും തമിഴിലാണ് ഉള്ളത്. സിനിമയിലെ പാട്ടുകൾ 80 സിൽ ഉള്ള തമിഴ് പാട്ടുകളെ പോലെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ അതെല്ലാം പാട്ടായി വന്നുപോകുന്നതല്ല. പുറത്തിറങ്ങിയ ലിറിക്ക് വിഡിയോയിൽ ഒരു വോക്മാന് വന്നുപോകുന്നുണ്ട്. അതിൽ നിന്ന് പ്ലേ ആകുന്ന തരത്തിലുള്ള, ആ സിനിമയിലെ കഥാപാത്രങ്ങൾ കേൾക്കുന്ന തരത്തിലാണ് കളങ്കാവലിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ കേൾക്കുന്ന, സിനിമയുടെ സൗണ്ട് ഡിസൈനിന്റെ ഒരു ഭാഗമായി വരുന്ന തരത്തിലാണ് പാട്ടുകളുടെ പ്ലേസ്മെന്റ്. എനിക്കും അത് പുതിയ അനുഭവം ആയിരുന്നു. പാട്ടുകൾക്ക് റെട്രോ സ്വഭാവം വരാനും കാരണം അതാണ്', വിനായക് ശശികുമാറിന്റെ വാക്കുകൾ.
നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
Content Highlights: Vinayak Sasikumar about Kalamkaval songs