കേന്ദ്ര മന്ത്രാലയത്തിന്റെ പിഴവ്; 'ബോഗയ്ന്‍വില്ല'യ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനായില്ല

ഇക്കഴിഞ്ഞ സംസ്ഥാന പുരസ്കാരത്തിൽ 7 അവാർഡുകളാണ് ബോഗയ്ൻവില്ല സ്വന്തമാക്കിയത്

അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനായില്ല. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന്റെ സാങ്കേതിക പിഴവ് മൂലമാണ് സിനിമയ്ക്ക് അപേക്ഷിക്കാൻ കഴിയാതിരുന്നത്. ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ്. നിര്‍മ്മാതാക്കളുടെ അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

ഭീഷ്മ പർവ്വം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ബോഗയ്ൻവില്ല'. ഇക്കഴിഞ്ഞ സംസ്ഥാന പുരസ്കാരത്തിൽ 7 അവാർഡുകളാണ് ബോഗയ്ൻവില്ല സ്വന്തമാക്കിയത്. മികച്ച സംഗീത സംവിധായകൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്, മികച്ച കൊറിയോഗ്രാഫി, മികച്ച കളറിസ്റ്റ്, സ്പെഷ്യൽ ജൂറി മെൻഷൻ (ജ്യോതിർമയി) എന്നിവയാണ് സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവർക്ക് പുറമേ ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതിനൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ജ്യോതിര്‍മയിയുടെ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് ബോഗയ്ൻവില്ല എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ലാജോ ജോസഫിന്‍റെ റൂത്തിന്‍റെ ലോകം എന്ന നോവല്‍ ആസ്​പദമാക്കി എടുത്ത ചിത്രത്തിന്‍റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlights: Bougainvillea could not sent to national awards

To advertise here,contact us