തന്റെ പലസ്തീൻ വിഷയത്തിലെ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഷെയിൻ നിഗം. ഇൻസ്റ്റാഗ്രാം റീലുകളിൽ കുട്ടികളെ കൊല്ലുന്ന വീഡിയോ കണ്ടിട്ടാണ് താൻ പ്രതികരിച്ചതെന്നും അപ്പോഴും തന്റെ പ്രതികരണം മതത്തിന്റെ പേരിൽ ഓരോരുത്തർ കണക്ട് ചെയ്തെന്നും നടൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'പലസ്തീൻ വിഷയം ഇന്നും കഴിഞ്ഞിട്ടില്ല, അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഈ മതത്തിന് ഇങ്ങനൊരു വിഷയം ഉണ്ടായപ്പോൾ ഷെയിൻ ഒന്നും പറഞ്ഞില്ല എന്ന് കുറെ പേർ പറഞ്ഞു. ഇങ്ങനൊക്കെ പറയുമ്പോൾ ഞാൻ പത്രം വായിക്കുന്ന ഒരാളല്ല, ന്യൂസ് കണ്ടാലും പേടിയാകും…എനിക്ക് അത്രയും പ്രെഷർ താങ്ങാൻ കഴിയില്ല, ഇൻസ്റ്റാഗ്രാം റീലുകളിൽ കുട്ടികളെ കൊല്ലുന്ന വീഡിയോ കണ്ടിട്ടാണ് ഞാൻ അന്ന് പലസ്തീൻ വിഷയത്തിൽ സംസാരിച്ചത്. അപ്പോഴും ആ പ്രതികരണം എന്റെ മതത്തിന്റെ പേരിൽ ഓരോരുത്തർ കണക്ട് ചെയ്തു…പടച്ചോനെ എനിക്ക് ശക്തി താ എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്', ഷെയിൻ നിഗം പറഞ്ഞു.
അതേസമയം, ഷെയിൻ നിഗം നായകനായി അഭിനയിച്ച ബൾട്ടി എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയ്ക്കും നടനുമെതിരെ നടക്കുന്ന നെഗറ്റീവ് പബ്ലിസിറ്റികളോട് പ്രതികരിച്ച് നിർമാതാവ് സന്തോഷ് ടി കുരുവിള രംഗത്തെത്തിയിരുന്നു. സിനിമയുടെ പോസ്റ്ററുകൾ കീറിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്നും സന്തോഷ് ടി കുരുവിള ചോദിച്ചു.
നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടി പാലക്കാട് ജില്ലയിൽ കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച സിനിമ തിയേറ്ററുകളിൽ മുന്നേറുകയാണ്.
Content Highlights: Shane Nigam talks about his comment on Palestine issue