മമ്മൂട്ടിക്ക് അരികിലേക്ക് ഓടിയെത്തി അനുരാഗ് കശ്യപ്, കാൽ തൊട്ട് വണങ്ങി; വൈറലായി വീഡിയോ

മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോകുകയാണ് മമ്മൂട്ടി

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഒന്നാകെ കാത്തിരുന്ന തിരിച്ചുവരവാണ് മമ്മൂട്ടിയുടേത്. അസുഖ ബാധിതനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയായിരുന്നു. ഇന്ന് പുറത്തുവന്ന എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. ഇപ്പോഴിതാ ഹൈദരാബാദിൽ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കുന്ന അനുരാഗ് കശ്യപിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

ഹൈദരാബാദിൽ മമ്മൂക്ക താമസിക്കുന്ന ഹോട്ടലിലേക്ക് കാറിൽ വന്നു ഇറങ്ങുമ്പോൾ അനുരാഗ് കശ്യപ് മമ്മൂട്ടിയെ കാത്തിരിക്കുന്നത് വീഡിയോയിൽ കാണാം. മമ്മൂട്ടിയെ കണ്ട ഉടൻ അനുരാഗ് കശ്യപ് ഓടി വന്ന് സംസാരിക്കുകയും കാലിൽ തൊട്ട് തൊഴാൻ പോകുന്നതും വീഡിയോയിൽ ഉണ്ട്. തുടർന്ന് ഇരുവരും ഹോട്ടലിന്റെ ഉള്ളിലേക്ക് പോകുന്നതും കാണാം. ചെന്നൈ എയർപോർട്ടിൽ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോകുകയാണ് മമ്മൂട്ടി.

മോഹൻലാലുമൊത്തുള്ള സിനിമയുടെ സെറ്റിൽ അദ്ദേഹം നാളെ ജോയിൻ ചെയ്യും. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി കാമറയ്ക്ക് മുന്നിലെത്തുന്നത്. നാളെ മുതൽ അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും. ഏഴ് വരെ ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗ് തുടരും. അതിന് ശേഷം ഒക്ടോബർ 13 ന് യുകെയിലാകും സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക.

ഇതിനൊപ്പം പുതിയ പോസ്റ്റും മമ്മൂട്ടി പങ്കുവെച്ചിരുന്നു. 'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല. The camera is calling ', എന്ന ക്യാപ്ഷനോടൊപ്പമാണ് ഒരു കാറിൽ ചാരി നിൽക്കുന്ന ചിത്രം മമ്മൂട്ടി പങ്കുവെച്ചത്. ചിത്രത്തിന്റെ രചനയും മഹേഷ്‌ നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

#AnuragKashyap met ⁦@mammukka⁩ at Hyderabad. pic.twitter.com/0jLHVjoWrp

സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.

Content Highlights: Anurag Kashyap met Mammootty in Hyderabad

To advertise here,contact us