ഒടിടി റിലീസിന് ശേഷമുള്ള വർഷങ്ങൾക്ക് ശേഷത്തിന്റെ പ്രതികരണം കണ്ട് ഞെട്ടിപ്പോയെന്ന് വിനീത് ശ്രീനിവാസൻ. എവിടെയാണ് ചിത്രം വർക്ക് ആകാതെ പോയതെന്നും എവിടെയൊക്കെയാണ് പ്രേക്ഷകർക്ക് ക്രിഞ്ച് ഫീലിംഗ് തോന്നിയതെന്നും മനസിലാക്കാൻ താൻ ശ്രമിച്ചെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം മനസുതുറന്നത്.
'സ്ട്രീമിങ്ങിന് ശേഷമുള്ള വർഷങ്ങൾക്ക് ശേഷത്തിന്റെ പ്രതികരണം കണ്ട് ഞാൻ ഞെട്ടിപ്പോയി. കാരണം മികച്ച പ്രകടനമായിരുന്നു സിനിമ തിയേറ്ററിൽ കാഴ്ചവെച്ചത്. ട്രോളുകൾക്ക് പിന്നിലെ കാരണം എനിക്ക് ആദ്യം മനസ്സിലായില്ല, പക്ഷേ പിന്നീട് അത് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. പ്രേക്ഷകർക്ക് എന്താണ് വർക്ക് ആകാത്തതെന്നും എവിടെയാണ് ക്രിഞ്ച് ഫീലിംഗ് തോന്നിയതെന്നും ഞാൻ മനസിലാക്കാൻ ശ്രമിച്ചു. ഇതേ ഫീലിംഗ് തിരയുടെ സമയത്തും എനിക്ക് അനുഭവപ്പെട്ടിരുന്നു. കാരണം ആ സിനിമ മികച്ച അഭിപ്രായങ്ങൾ ലഭിച്ചിട്ടും പരാജയപ്പെട്ടിരുന്നു. എന്നാൽ അതെല്ലാം എന്നെ മുന്നോട്ട് പോകാൻ സഹായിച്ചു', വിനീതിന്റെ വാക്കുകൾ.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം ഏപ്രിൽ 11നാണ് തിയേറ്ററിലെത്തിയത്. വിനീത് ശ്രീനിവാസന്റ സംവിധാനത്തിൽ ഒരുങ്ങിയ വർഷങ്ങൾക്ക് ശേഷം 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന വർഷങ്ങൾക്ക് ശേഷത്തിൽ നിവിൻ പോളിയുടെ നിതിൻ മോളിയായുള്ള മാസ് എൻട്രിയും ഏറെ ശ്രദ്ധേയമായിരുന്നു.
ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമ പ്രേക്ഷക പ്രതികരണങ്ങളിൽ പതിയെ റിവേഴ്സ് ഗിയറിലേയ്ക്ക് മാറി. ഒരാഴ്ച പിന്നിട്ടതോടെ സിനിമയ്ക്ക് ലഭിച്ചത് മിക്സഡ് റിവ്യൂകളായിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം എന്ന നിലയിൽ ശ്രദ്ധ നേടിയെങ്കിലും തിയേറ്ററോട്ടം കഴിഞ്ഞ് ഒടിടിയിലെത്തിയതിന് പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി. സിനിമയിലെ ക്രിഞ്ച് ഡയലോഗ് എന്ന പരാമർശം മുതൽ പ്രണവ് മോഹൻലാലിന്റെയും ധ്യാൻ ശ്രീനിവാസന്റെയും വയസായുള്ള മേക്കപ്പിനെ കുറിച്ച് വരെ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എക്സിലുമെല്ലാം നിറഞ്ഞത്.
Content Highlights: Vineeth sreenivasan about varshangalkk shesham OTT response