2025 മോഹൻലാലിന് ഭാഗ്യവർഷമായി മാറിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നാല് വമ്പൻ വിജയങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയോളമാണ്.
ഈ വർഷത്തെ ആദ്യ മോഹൻലാൽ റിലീസ് ആയ എമ്പുരാൻ റെക്കോർഡ് നേട്ടവുമായിട്ടാണ് തിയേറ്റർ വിട്ടത്. കേരളത്തിൽ നിന്നും 86 കോടി നേടിയ സിനിമ ആഗോള ബിസിനസ് വഴി 325 കോടിയാണ് സ്വന്തം പേരിലാക്കിയത്. തൊട്ടുപിന്നാലെയെത്തിയ തുടരും മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ തിയേറ്ററിലെ ആളെക്കൂട്ടി. തരുൺ മൂർത്തി ഒരുക്കിയ സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ് മൂര്ത്തിയും ചേര്ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
ഈ വർഷം മോഹൻലാലിന്റേതായി പുറത്തുവന്ന റീ റിലീസ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 4 കെ ഡോള്ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകിയത്. 3.61 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ. ചിത്രത്തിലെ ഗാനങ്ങൾക്കൊത്ത് പ്രേക്ഷകർ ഡാൻസ് ചെയ്യുന്നതും, ഡയലോഗുകൾ പറയുന്നതുമൊക്കെയുള്ള വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അവസാനമായി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വം 60 കോടിക്കും മുകളിലാണ് ആഗോള നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 41 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെയാണ് മോഹൻലാലിന്റെ ഈ വർഷത്തെ നേട്ടം 250 കോടിയിലേക്ക് എത്തിയത്.
Content Highlights: Mohanlal movie crossed 250 crores alone from kerala box office