മരത്തിന്റെ മറവില്‍ വസ്ത്രം മാറാന്‍ നിര്‍ദേശം, ദേഷ്യപ്പെട്ട് അമിതാഭ് ബച്ചന്‍; കാരവാന്‍ ഒഴിഞ്ഞുതന്നു: ശോഭന

'അവള്‍ കേരളത്തില്‍ നിന്നുള്ളവളാണ്, അവള്‍ക്ക് ഒരു മരത്തിന് പിന്നില്‍ വസ്ത്രം മാറാന്‍ കഴിയും എന്ന അധിക്ഷേപം, അമിതാഭ് ബച്ചൻ ഇടപെട്ടു'

icon
dot image

മലയാളത്തിനൊപ്പം തന്നെ നിരവധി ഭാഷകളിലും അഭിനയിച്ച് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള നായികയാണ് ശോഭന. വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനൊപ്പമുള്ള ഒരു ബോളിവുഡ് സിനിമയുടെ സെറ്റിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് നടി . സിനിമയുടെ പേരോ പാട്ടിന്റെ പേരോ വെളിപ്പെടുത്തിയില്ലെങ്കിലും ആ സെറ്റില്‍ തനിക്ക് നേരിട്ട ഒരനുഭവവും സംഭവം അറിഞ്ഞ് അമിതാഭ് ബച്ചന്‍ ശക്തമായി പ്രതികരിച്ചതിനെ കുറിച്ചും ശോഭന പറഞ്ഞു.

ഒരുപാട് കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്ന സെറ്റിൽ തനിക്ക് കാരവാന്‍ ഉണ്ടായിരുന്നില്ലെന്നും, കാരവാൻ ആവശ്യപ്പെട്ടപ്പോൾ സെറ്റിലെ ഒരാൾ അവർ കേരളത്തിൽ നിന്നുള്ളവരാണെന്നും മരത്തിന്റെ മറവിൽ നിന്നും വസ്ത്രം മാറുമെന്നും പറഞ്ഞു. ഇത് വാക്കി ടോക്കിയില്‍ കേട്ട അമിതാഭ് ബച്ചൻ സെറ്റിലുള്ളവരോട് ദേഷ്യപ്പെടുകയും അദ്ദേഹത്തിന്റെ കാരവാന്‍ വസ്ത്രം മാറാൻ നൽകിയെന്നും ശോഭന പറയുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നടിയുടെ പ്രതികരണം.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ബച്ചന്‍ സാറിനൊപ്പം ഒരു സോങ് ഷൂട്ടിലായിരുന്നു ഞാന്‍. ആ പാട്ട് രംഗത്തില്‍ എനിക്ക് ധാരാളം തവണ വസ്ത്രം മാറേണ്ടതുണ്ടായിരുന്നു. ബച്ചന്‍ സാറിന് അദ്ദേഹത്തിന്റെ കാരവാന്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ കാണാന്‍ തിങ്ങിനിറഞ്ഞവരാല്‍ അഹമ്മദാബാദ് മുഴുവന്‍ നിശ്ചലമായി. എനിക്ക് ധാരാളം കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്നതിനാല്‍ ‘എന്റെ കാരവാന്‍ എവിടെ’ എന്ന് ഞാന്‍ ചോദിച്ചു.

അപ്പോൾ സെറ്റിലുള്ള ഒരാള്‍ പറഞ്ഞത്, ‘അവര്‍ കേരളത്തില്‍ നിന്ന് വന്നവരാണ്, നന്നായി അഡ്ജസ്റ്റ് ചെയ്യും, ഒരു മരത്തിന് പിന്നില്‍ നിന്ന് വസ്ത്രം മാറാന്‍ കഴിയും.' എന്നാണ്. വാക്കി ടോക്കിയില്‍ ഇത് കേട്ട ബച്ചന്‍ സാര്‍ ഉടനെ പുറത്തിറങ്ങി, ‘ആരാണ് അങ്ങനെ പറഞ്ഞത്?’ എന്ന് ഉറക്കെ ചോദിച്ചു. എന്നിട്ട് അദ്ദേഹം എന്നെ അദ്ദേഹത്തിന്‍റെ കാരവാനിലേക്ക് ക്ഷണിച്ചു. അദ്ദേഹം പുറത്തേക്കിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന് പ്രോസ്‌തെറ്റിക് മേക്കപ്പ് ഉണ്ടായിരുന്നിട്ടും, ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റ് അഭിവാദ്യം ചെയ്യുമായിരുന്നു,' ശോഭന പറഞ്ഞു.

Content Highlights: Shobhana shares her ordeal on Bollywood sets

To advertise here,contact us
To advertise here,contact us
To advertise here,contact us