കെ-പോപ് ആരാധകരേ.. ആർ‌എമ്മും വിയും സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്

ബി‌ടി‌എസിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത അംഗങ്ങൾ ജിമിനും ജങ്കൂക്കും ആണ്

കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് പര്‍പ്പിള്‍ മാജിക് തിരിച്ചെത്തുന്നു. സൗത്ത് കൊറിയയിലെ ബോയ് ബാന്‍ഡ് ഗ്രൂപ്പായ ബിടിഎസിന്റെ തിരിച്ചു വരവിനായി ഇനി അധികം നാള്‍ ആര്‍മിക്ക് കാത്തിരിക്കേണ്ടി വരില്ല. ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് ജൂണില്‍ തിരിച്ചുവരുമെന്ന വാർത്തകൾ നേരത്തെ തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ ഗ്യാങിലെ ആർഎമ്മും വിയും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകർ ഇരുവരെയും സ്വീകരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2023 ഡിസംബറിലാണ് ഇരുവരും സൈന്യത്തിൽ ചേർന്നത്. ഹ്വാചിയോണിലെ 15-ആം ഇൻഫൻട്രി ഡിവിഷനു കീഴിലുള്ള മിലിട്ടറി ബാൻഡിൽ ആർ‌എം സേവനമനുഷ്ഠിച്ചപ്പോൾ, ചുഞ്ചിയോണിലെ സെക്കൻഡ് കോർപ്സ് മിലിട്ടറി പോലീസ് യൂണിറ്റിന്റെ സ്പെഷ്യൽ ഡ്യൂട്ടി ടീമിൽ (എസ്‌ഡി‌ടി) ചേർന്നുകൊണ്ട് വി കൂടുതൽ കഠിനമായ പാത തിരഞ്ഞെടുത്തു.

ബി‌ടി‌എസിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത അംഗങ്ങൾ ജിമിനും ജങ്കൂക്കും ആണ്. ഇരുവരും 2025 ജൂൺ 11 ന് സൈനിക ജോലി കഴിഞ്ഞ് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഗ (മിൻ യോങ്കി) ജൂൺ 21 ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജങ് കുക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍.എം. എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബിടിഎസ് ബാന്‍ഡ് ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാന്‍ഡ് ഗ്രൂപ്പാണ്. സ്പോടി ഫൈയില്‍ മാസത്തില്‍ 25.6 മില്യണ്‍ കേള്‍വിക്കാരാണ് ബിടിഎസിനുള്ളത്. ഡയനമൈറ്റ്, ബട്ടര്‍, മൈ യൂണിവേഴ്സ് തുടങ്ങി നിരവധി പാട്ടുകള്‍ ബിടിഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ തന്നെയുണ്ട്.

Content Highlights: BTS stars RM and V return from military service

To advertise here,contact us