'സന്യ മൽഹോത്രയുടേത് ഗാനത്തിൽ മാത്രമുള്ള കാമിയോ'; വെളിപ്പെടുത്തി മണിരത്‌നം

'സന്യ മൽഹോത്രയുടേത് ഒരു ചെറിയ കാമിയോ മാത്രമാണ്, ആ ഗാനത്തിൽ മാത്രം'

മണിരത്‌നം-കമൽഹാസൻ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. അതിൽ തന്നെ 'ജിങ്കുച്ചാ' എന്ന ഗാനത്തിലെ ബോളിവുഡ് താരം സന്യ മൽഹോത്രയുടെ നൃത്തച്ചുവടുകൾ റീലുകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ സന്യ സിനിമയുടെ ഭാഗമായതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ മണിരത്‌നം. നടിയുടേത് ഗാനത്തിൽ മാത്രമുള്ള കാമിയോ ആണെന്നാണ് സംവിധായകൻ പറയുന്നത്.

'സന്യ മൽഹോത്രയുടേത് ഒരു ചെറിയ കാമിയോ മാത്രമാണ്, ആ ഗാനത്തിൽ മാത്രം. അതൊരു ഫ്രണ്ട്‌ലി അപ്പിയറൻസ് മാത്രമാണ്. അവർ മികച്ച രീതിയിൽ നൃത്തം ചെയ്യും. ഈ സിനിമയുടെ കഥ ഡൽഹിയിലാണ് നടക്കുന്നതും. ആ ഫ്ലേവർ നമുക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് സന്യ മൽഹോത്രയെ പരിഗണിച്ചത്,' എന്ന് സിനിമ വികടന് നൽകിയ അഭിമുഖത്തിൽ മണിരത്‌നം വ്യക്തമാക്കി.

ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

Content Highlights: Maniratnam talks about the role of Sanya Malhothra in Thug Life movie

To advertise here,contact us