മോഹൻലാലും എആർഎം സംവിധായകൻ ജിതിൻ ലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ചധികം നാളുകളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ ദിവസം ഈ അഭ്യൂഹങ്ങൾക്ക് ഉറപ്പ് കൂട്ടിക്കൊണ്ട് ജിതിൻ ലാൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ആശിർവാദ് സിനിമാസുമായി ഡിസ്കഷൻ നടന്നുവെന്നതിന്റെ സൂചനകളാണ് ജിതിൻ പങ്കുവെച്ചത്. ഇപ്പോൾ തന്റെ സ്വപ്ന ചിത്രത്തെക്കുറിച്ച് ജിതിൻ പ്രതികരിച്ചിരിക്കുകയാണ്. മോഹൻലാലിനോട് ഒരു കഥ പറഞ്ഞുവെന്നും നടന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ജിതിൻ പറഞ്ഞത്.
'ഏറെ നാളുകൾ ആഗ്രഹിച്ച്, ഒടുവിൽ ലാലേട്ടനോട് ഒരു കഥ പറയാൻ കഴിഞ്ഞിട്ടുണ്ട്. ബേസിക്കായി ഒരു ചർച്ച നടന്നുവെന്നേയുള്ളൂ. അതിനപ്പുറം ഒന്നും ആയിട്ടില്ല. അവരുടെ സൈഡിൽ നിന്നും കൃത്യമായ ഒരു തീരുമാനം എത്തിയിട്ടില്ല. അതിനായി ഞാൻ കാത്തിരിക്കുകയാണ്. ഒരു മ്യൂസിക് വീഡിയോ ചെയ്തപ്പോഴും ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് ലാലേട്ടന്റെ ശബ്ദം ഉപയോഗിക്കാൻ പറ്റി, ഇനി റിയാലായിട്ട് ഒന്ന് വേണം എന്ന് ലാസ്റ്റ് ടൈം കണ്ടപ്പോൾ ഞാൻ ലാലേട്ടനോട് പറഞ്ഞു. അങ്ങനെ സംഭവിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാകട്ടെ മോനെ എന്നായിരുന്നു ലാലേട്ടന്റെ മറുപടി,' എന്ന് റേഡിയോ സുനോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിതിൻ ലാൽ പറഞ്ഞു.
Jithin Laal about his project discussions with @Mohanlalpic.twitter.com/bfglx8JrAA
എ ആർ എം റിലീസ് സമയത്ത് മോഹന്ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ജിതിൻ ലാൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലം മുതലേ ലാലേട്ടന്റെ കട്ട ഫാനാണ്. സ്കൂളില് ചേര്ക്കാന് നേരത്താണല്ലോ നമ്മുടെ പേര് ഒഫിഷ്യലായി ഒരിടത്ത് പറയേണ്ടി വരുന്നത്. ഒരു സിസ്റ്റര് എന്നോട് പേര് ചോദിച്ചപ്പോള് ഞാന് മോഹന്ലാല് എന്ന് പറഞ്ഞു. ‘അത് ശരിയാവില്ല, അച്ഛന്റെയും അമ്മയുടെയും പേരുമായി എന്തെങ്കിലും സാമ്യം വേണം. അപ്പോള് അച്ഛന്റെ ബുദ്ധിയില് വന്ന പേരാണ് ജിതിന് ലാല്. അവരിട്ട പേരും എനിക്കിഷ്ടമുള്ള പേരും ഒന്നിച്ച് വന്നു. ഇന്നും ലാലേട്ടനോടുള്ള ആരാധന ഒട്ടും കുറഞ്ഞിട്ടില്ല,' എന്നായിരുന്നു ജിതിൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സത്യന് അന്തിക്കാടും മോഹന്ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. ആശിര്വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല് പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില് ഒന്നിച്ചത്.
Content Highlights: Jithin Laal talks about the movie with Mohanlal