ലാലേട്ടൻ പടത്തിന് പോസിറ്റീവ് വന്നാൽ വീട്ടിൽ പ്രായമായി കിടക്കുന്ന അമ്മൂമ്മ വരെ തിയേറ്ററിലെത്തും: ഷറഫുദ്ദീൻ

'അത് തുടരും സിനിമ മാത്രമല്ല, പുലിമുരുകനൊക്കെ വലിയ ഉദാഹരണമാണ്'

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ തുടരും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും ടിക്കറ്റ് വില്പനയിൽ തുടരും മുന്നിലാണ്. മോഹൻലാലിന്റെ ഫാൻ ബേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബോക്സ് ഓഫീസിലെ ആധിപത്യത്തെക്കുറിച്ചും മനസുതുറക്കുകയാണ് നടൻ ഷറഫുദ്ദീൻ.

ഒരു മോഹൻലാൽ പടത്തിന് പോസിറ്റീവ് വന്നാൽ പ്രായമായവർ വരെ തിയേറ്ററിലെത്തുമെന്നത് ഉറപ്പാണെന്ന് ഷറഫുദ്ദീൻ പറഞ്ഞു. 'ലാലേട്ടന് കേരളത്തിൽ എല്ലാകാലത്തും ഫാൻസുണ്ടെന്ന് എനിക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. എല്ലാവരും പറയുന്ന 'സ്ലീപ്പർ സെൽ' എന്ന വാക്ക് ഇപ്പോൾ വന്നതാണ്. അതിന് മുന്നേ ലാലേട്ടന് ഇവിടെ വലിയൊരു ഫാൻ ബേസുണ്ട്. ലാലേട്ടൻ്റെ പടം നല്ലതാണെന്ന് അറിഞ്ഞാൽ വീട്ടിൽ പ്രായമായി കിടക്കുന്ന അമ്മൂമ്മ വരെ തിയേറ്ററിലെത്തുമെന്ന് ഉറപ്പാണ്. പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുന്ന മോനോട് തിയേറ്ററിൽ പോകാമെന്ന് അവർ പറയും. അത് തുടരും സിനിമ മാത്രമല്ല, പുലിമുരുകനൊക്കെ വലിയ ഉദാഹരണമാണ്. എന്തൊരു ജനക്കൂട്ടമായിരുന്നു തിയേറ്ററിൽ, അതിനും മുന്നേ ദൃശ്യം. ആ സിനിമയൊക്കെ സൈലന്റായി വന്ന് തരംഗമായി മാറിയ പടമാണ്. ദൃശ്യത്തിന് ടിക്കറ്റ് കിട്ടാൻ ഞാൻ പാടുപെട്ടിട്ടുണ്ട്,' ഷറഫുദ്ദീൻ പറഞ്ഞു.

പുറത്തിറങ്ങി ഇരുപത്തി രണ്ടാം ദിവസമായ ഇന്നലെ 4.11K ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒപ്പമുള്ള മറ്റു മലയാള സിനിമകളേക്കാൾ ഉയർന്ന ടിക്കറ്റ് വില്പനയാണിത്. 4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്‌സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 210.75 കോടിയാണ്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 103 കോടിയാണ് നേടിയത്. ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും.

Content Highlights: Sharafudheen talks about Mohanlal

To advertise here,contact us