തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നു. 2025 മെയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമാണ് എയ്സ് എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. 'ബോൾഡ് കണ്ണൻ' എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാൾക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
ട്രെയ്ലറിലെ ശിവകാർത്തികേയൻ റഫറൻസ് ഇതിനോടകം ചർച്ചയായിട്ടുണ്ട്. ശിവകാർത്തികേയൻ തന്നെയാണ് ട്രെയ്ലർ പങ്കുവെച്ചതും. ട്രെയ്ലറിന്റെ അവസാനം എനിക്കൊരു സർപ്രൈസ് ആയിരുന്നു എന്നാണ് ലിങ്ക് പങ്കുവെച്ചുകൊണ്ട് നടൻ കുറിച്ചത്. ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഖകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
എയ്സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ഒരു ടീസർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈയ്നർ ആയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, പശ്ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.
Content Highlights: Vijay Sethupathy movie Ace trailer released