പുഷ്പ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ നായിക സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ ഗാനത്തെക്കുറിച്ച് സാമന്തയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സ്വയം വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. അത്തരമൊരു വെല്ലുവിളിയായിരുന്നു ആ ഗാനമെന്ന് സാമന്ത പറയുന്നു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു സാമന്ത.
'എന്നെ തന്നെ വെല്ലുവിളിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ്. ഞാന് ഒരിക്കലും എന്നെ ഒരു സുന്ദരിയായ സ്ത്രീയായി, ഹോട്ടായി കണക്കാക്കിയിട്ടില്ല. 'ഊ ആണ്ടവാ’ എന്ന ഗാനം അത്തരത്തില് എന്നെ കാണാൻ കഴിയുമോ എന്നറിയാനുള്ള അവസരമായിരുന്നു. മുമ്പ് ഞാൻ ഒരിക്കലും അങ്ങനെ ഒരു ഗാനരംഗം ഞാൻ ചെയ്തിട്ടില്ല. ഇനി അതുപോലൊന്ന് ചെയ്യില്ല.ആ ചലഞ്ച് ഞാന് ഏറ്റെടുത്ത് ചെയ്തു,' സാമന്ത പറഞ്ഞു.
'ആരെങ്കിലും അത്തരമൊരു ഗാനത്തിൽ എന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ? ഞാൻ എപ്പോഴും ക്യൂട്ട്, ബബ്ലിയൊക്കെ ആയിട്ടുള്ള അടുത്ത വീട്ടിലെ കുട്ടി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ ഗാനം ലൈംഗികതയില് അത്രയും ആത്മവിശ്വാസമുള്ള ഉള്ളൊരു സ്ത്രീയുടെ ആറ്റിട്യൂഡിനെക്കുറിച്ചുള്ളതാണ്,' സാമന്ത പറഞ്ഞു.
'എന്റെ കൂടെ ഉള്ളവരെല്ലാം അത് ചെയ്യേണ്ട എന്ന് എന്നോട് പറഞ്ഞു. എന്നാൽ അതുപോലുള്ള വരികള് മുമ്പ് കേട്ടിട്ടില്ല, പിന്നെ ആരും എനിക്ക് ഇങ്ങനെയുള്ള ഒരു അവസരവും തന്നിട്ടില്ല. അതുകൊണ്ടുതന്നെ ഞാന് ഇത് സ്വീകരിക്കുകയായിരുന്നു. എന്നാല് ആദ്യ ഷോട്ടിന് മുമ്പ് ഞാന് 500 ജൂനിയര് ആര്ട്ടിസ്റ്റുകളുടെ മുന്നില് നിന്ന് വിറയ്ക്കുകയായിരുന്നു. എനിക്ക് വളരെ പേടി തോന്നിയിരുന്നു,' എന്നും നടി കൂട്ടിച്ചേർത്തു.
Content Highlights: Samantha talks about performing in Pushpa movie song