തിയേറ്ററിനെ ഇളക്കി മറിച്ച ലാലേട്ടന്റെ കൊലതൂക്ക്; ആക്ഷന്‍ രംഗങ്ങളുമായി 'തുടരും' തെലുങ്ക് ട്രെയ്‌ലര്‍

സിനിമയിൽ ഏറ്റവും അധികം കയ്യടി കിട്ടിയ ആക്ഷൻ രംഗങ്ങൾ ഉൾപ്പടുന്നതാണ് പുതിയ ട്രെയ്‌ലര്‍

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെക്കന്‍ഡ് ട്രെയ്‌ലര്‍ തെലുങ്കില്‍ പുറത്തു വിട്ടിരിക്കുകയാണ് തെലുങ്ക് വിതരണക്കാരായ ദീപ ആര്‍ട്സ്.

2.02 മിനിറ്റാണ് പുതിയ ട്രെയ്‌ലറിന്റെ ദൈർഘ്യം. സിനിമയിൽ ഏറ്റവും അധികം കയ്യടി കിട്ടിയ ആക്ഷൻ രംഗങ്ങൾ ഉൾപ്പടുന്നതാണ് പുതിയ ട്രെയ്‌ലര്‍. ഈ ട്രെയ്‌ലര്‍ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.

സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

Content Highlights: Thudarum movie Telugu trailer out

To advertise here,contact us