ഒരു ക്രാഷ് കോഴ്സ് ചെയ്യുന്നത് പോലെയായിരുന്നു ബറോസിലെ പാട്ടെഴുത്തെന്നും സിനിമക്കായി പാട്ടുകൾ ചെയ്യുമ്പോൾ മ്യൂസിക് ഡയറക്ടറായ ലിഡിയന് 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഗാനരചയിതാവ് വിനായക് ശശികുമാർ. 'ഒരു സ്കൂളിലേക്ക് പോകുന്ന ഫീലായിരുന്നു ബറോസിലെ പാട്ടെഴുതാൻ പോകുമ്പോൾ ഉണ്ടായിരുന്നത്. ഒരു റൂമിൽ പല മാസ്റ്റേഴ്സും ഇരിക്കുന്നതിനിടയിൽ എഴുതാൻ കഴിഞ്ഞു എന്നുള്ളത് ഒരു ഭാഗ്യമായി കാണുന്നു. ലാൽ സാർ ഞാൻ എഴുതിയ പാട്ട് അപ്പോൾ തന്നെ പാടി എൻജോയ് ചെയ്യുന്നുണ്ടായിരുന്നു', എന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വിനായക് ശശികുമാർ പറഞ്ഞു.
'കുറെ വർഷങ്ങൾക്ക് മുൻപാണ് ബറോസിന്റെ ജോലികൾ തുടങ്ങുന്നത്. നവോദയയിൽ പോയിരുന്നാണ് ഞാൻ അന്ന് പാട്ടെഴുതുന്നത്. ഗുരുക്കന്മാരുടെ ഗുരുക്കന്മാർ എന്ന് പറഞ്ഞുകേട്ടിട്ടുള്ള ഒരുപാട് പേരെ നേരിട്ട് കാണാനുള്ള അവസരം അപ്പോൾ ഉണ്ടായി. കുട്ടികൾക്കും കണക്ട് ആവണം എന്ന നിലയിലാണ് സിനിമയിലെ പാട്ടിനെ സമീപിച്ചിട്ടുള്ളത്.
ബറോസിലെ പാട്ട് ചെയ്യുമ്പോൾ മ്യൂസിക് ഡയറക്ടറായ ലിഡിയന് അന്ന് 13 വയസ്സായിരുന്നു. സംഗീത സംവിധായകന് 13 വയസ്സുള്ളപ്പോൾ തൊട്ടടുത്തിരിക്കുന്ന ആളുകളുടെ എക്സ്പീരിയൻസ് എന്ന് പറയുന്നത് തന്നെ മുപ്പതോ നാല്പതോ വർഷത്തോളമുണ്ട്. ആ കോമ്പിനേഷൻ എനിക്ക് പുതിയതായിരുന്നു. ഞാനെന്നും രാവിലെ അവിടെ പോയി വൈകിട്ട് തിരിച്ചു വരും. എനിക്കതൊരു അനുഭവമായിരുന്നു. ഒരു കോഴ്സ് ചെയ്യുന്നത് പോലെയായിരുന്നു ബറോസിലെ പാട്ടെഴുത്ത്. ഇപ്പോൾ കുറെ വർഷങ്ങൾ കഴിഞ്ഞു. ഞാനും നിങ്ങളെ പോലെ തന്നെ കാത്തിരിക്കുകയാണ്', വിനായക് ശശികുമാർ പറഞ്ഞു.
സിനിമയിലെ ആദ്യ ഗാനം ഇന്നലെ പുറത്തുവിട്ടു. ഇസബെല്ലാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനം സ്റ്റുഡിയോയിൽ നിന്ന് പാടുന്ന മോഹൻലാലിൻറെ വീഡിയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്.
Content Highlights: working in Barroz was like a crash course says Vinayak Sasikumar