വേട്ടയ്യന്‍ മലയാളം പതിപ്പിലെ ഡയലോഗുകള്‍ പറഞ്ഞത് ഫഹദല്ല;സര്‍പ്രൈസ് പൊട്ടിച്ച് മഹേഷ് കുഞ്ഞുമോന്‍,വീഡിയോ

സമൂഹമാധ്യമങ്ങളിലൂടെ മഹേഷ് കുഞ്ഞുമോന്‍ തന്നെയാണ് സിനിമാവിശേഷം പങ്കുവെച്ചത്

dot image

രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടയ്യന്‍. ഒക്ടോബര്‍ 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചിരുന്നത്. മലയാളത്തിലെ മഞ്ജു വാര്യരും ഫഹദ് ഫാസിലും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വേട്ടയ്യന്‍ മലയാളം പതിപ്പില്‍ ഫഹദ് ഫാസിലിന് വേണ്ടി ശബ്ദം നല്‍കിയത് മിമിക്രി താരമായ മഹേഷ് കുഞ്ഞുമോന്‍ ആണ്. സോഷ്യല്‍ മീഡിയയിലൂടെ
മഹേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'വേട്ടയ്യനില്‍ ഫഹദിന് ശബ്ദം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷം. സിനിമ ആമസോണില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്' എന്നാണ് മഹേഷ് കുഞ്ഞുമോന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡബ്ബിങ് ചെയ്യുന്ന ചിത്രവും മലയാളം പതിപ്പില്‍ ഫഹദിനായി ശബ്ദം നല്‍കിയ ഭാഗങ്ങളും മഹേഷ് കുഞ്ഞുമോന്‍ വീഡിയോയി പങ്കുവെച്ചിട്ടുണ്ട്.

കേരളം കണ്ട എക്കാലത്തെയും മികച്ച മിമിക്രി കലാകാരന്മാരില്‍ ഒരാളായ മഹേഷ് കുഞ്ഞുമോന്‍ ഫഹദ് ഫാസിലിന്റെ ശബ്ദം അനുകരിച്ച് നേരത്തെയും കയ്യടി വാങ്ങിയിട്ടുണ്ട്. നിരവധി പേരാണ് മഹേഷിനെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മഹേഷ് കുഞ്ഞുമോന്റെ രണ്ടാം വരവിലെ എന്നെന്നും ഓര്‍മിക്കാവുന്ന നിമിഷമെന്നും പലരും ഡബ്ബിങ്ങിനെ കുറിച്ച് അഭിപ്രായപ്പെടുന്നുണ്ട്. 2023ല്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാര്‍ അപകടത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരില്‍ ഒരാള്‍ മഹേഷ് കുഞ്ഞുമോന്‍ ആയിരുന്നു. സാരമായ പരിക്കുകളോടെ രക്ഷപെട്ട അദ്ദേഹം കലാരംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, എന്‍കൗണ്ടര്‍ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് വേട്ടയ്യന്‍ എന്ന സിനിമ ചര്‍ച്ച ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. 16 കോടി ആയിരുന്നു ചിത്രത്തിന്റെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിക്ക് മുകളില്‍ മാത്രമാണ് നേടാനായത്.

Content Highlights: Mimicry artist Mahesh Kunjumon dubbed for Fahadh Faasil in Vettaiyyan Malayalam version

dot image
To advertise here,contact us
dot image