പാലക്കാട്: പാലക്കാട് മംഗലം ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്കൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മരിച്ചയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറുകാരിയായ ഒലിപ്പാറ കല്‍ചാടി സ്വദേശി രുഗ്മണിയെയാണ് മംഗലം ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലം ഡാം കുഞ്ചിയാര്‍പതി രാമസ്വാമി (53) ആണ് മരിച്ചത്.
മംഗലംഡാം കടപ്പാറ പോത്തന്തോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാമസ്വാമിയും, രുഗ്മണിയും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇരുവരും കഴിഞ്ഞ മൂന്ന് മാസത്തോളമായി പോത്തന്തോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള വീട്ടില്‍ താമസിച്ച് പണിയെടുത്തു വരുകയായിരുന്നു എന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി രാമസ്വാമിയും, രുഗ്മണിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മംഗലംഡാം പൊലീസ് സ്ഥലതെത്തി രുഗ്മണിയെ കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തു. താനാണ് കൊലപ്പെടുത്തിയതെന്ന് രുഗ്മണി പൊലീസിനോട് പറഞ്ഞു. രാമസ്വാമിയുടെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlights: A middle-aged man was found dead at Mangalam Dam in Palakkad. Police investigation has determined that the death was a case of murder.