ചൂട് കൂടുന്നതോടെ രാത്രി കടൽ തീരത്ത് എത്തുന്നവരുടെ എണ്ണവും കൂടി; വരുന്നത് പായയും തലയണയുമായി

ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് കടൽ തീരങ്ങളെ ആശ്രയിക്കുന്നത്

മലപ്പുറം: ചൂട് കാരണം രാത്രി സമയങ്ങളിൽ കടൽ തീരത്തേയ്ക്ക് പോകുന്നവരുടെ എണ്ണം കൂടുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കടൽ കാണാൻ എത്തുന്നത്. ചൂടിൽ നിന്ന് രക്ഷപ്പെടാനാണ് കടൽ തീരങ്ങളെ ആശ്രയിക്കുന്നത്.

പലരും പായയും തലയണയുമായാണ് കടൽ തീരത്തേക്ക് വരുന്നത്. ഉറക്കം വന്നാൽ മണലിൽ പായ വിരിച്ച് കിടക്കുന്നതും കാണാം. കനത്ത ചൂട് കാരണം വീടുകളിൽ കിടക്കാൻ സാധിക്കാത്തതിനാലാണ് കടൽ തീരത്തേയ്ക്ക് എത്തുന്നത്. രാത്രി 7 മണിക്കു ശേഷം കടലോരത്തെ ചൂട് പോകും. തുടർച്ചയായി കാറ്റ് വരുന്നതോടെ തീരം വേഗത്തിൽ തണുക്കുകയും ചെയ്യും. സംഗതി വിജയിച്ചതോടെ പറഞ്ഞറിഞ്ഞ് തീരത്തെത്തുന്നവരുടെ എണ്ണം വർധിക്കുകയായിരുന്നു.

സാധാരണ രാത്രി സമയങ്ങളിൽ കടൽത്തീരത്ത് സ്ത്രീകൾ വരാറില്ല. എന്നാൽ വേനലിൽ നിന്നു രക്ഷനേടാനായി നിരവധി സ്ത്രീകളാണ് ഇപ്പോൾ കടൽ തീരത്ത് എത്തുന്നത്. രാത്രിയിൽ കടൽത്തീരത്ത് കൂടുതൽ ആളുകൾ എത്തുന്നതിനാൽ സുരക്ഷ ഒരുക്കണമെന്ന ആവശ്യവും ശക്‌തമാണ്. രാത്രി പലയിടത്തും വെളിച്ചം പോലുമില്ലാത്ത സ്ഥിതിയുണ്ട്.

Content Highlights:The number of people going to the beach at night is increasing due to the heat.

To advertise here,contact us