മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വണ്ടൂരിലെ കെ ടി ഫിറോസ് ബാബുവിന് പുതുജീവന്‍

ഫിറോസിൻ്റെ വലതുകൈയുടെ ചെറുവിരലിന് താഴെയാണ് പാമ്പ് കടിച്ചത്

വണ്ടൂര്‍ : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വണ്ടൂരിലെ കെ ടി ഫിറോസ് ബാബുവിന് പുതുജീവന്‍. വണ്ടൂര്‍ അമ്പലപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ കോഴിക്കൂട്ടിൽ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് സംരക്ഷകന്‍ കൂടിയായ കെ ടി ഫിറോസ് ബാബുവിനെ പാമ്പ് കടിക്കുകയായിരുന്നു. ഫിറോസിൻ്റെ വലതുകൈയുടെ ചെറുവിരലിന് താഴെയാണ് പാമ്പ് കടിച്ചത്.

വിഷം ഉള്ളിൽ പോയതിനെ തുടർന്ന് ഫിറോസിനെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.10 അടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കോഴിക്കൂട്ടില്‍ നിന്ന് റെസ്‌ക്യൂ ബാഗിലേക്ക് കയറ്റുന്നതിനിടെ വലതുകൈക്ക് കടിയേല്‍ക്കുകയായിരുന്നു. ഫിറോസിന് ഹൃദയമിടിപ്പ് കുറവായതിനാല്‍ പേസ് മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു

ഇതിനിടയിലും പാമ്പിനെ പിടിക്കാനായി വിളിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്നും പാമ്പുകളെ പിടികൂടുന്ന കാര്യത്തില്‍ മാതാവും സഹോദരിമാരും ശക്തമായ എതിര്‍പ്പിലാണെന്നും ഫിറോസ് പറഞ്ഞു. പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷും ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഫിറോസ് പറഞ്ഞു.

Content Highlight : K T Firoz Babu of Vandoor gets a new lease of life after surviving a cobra bite

To advertise here,contact us