

മലപ്പുറം: രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ചു. വണ്ടൂർ ശാന്തിനഗറിലെ അക്കരപ്പറന്പൻ അബ്ദുവിന്റെ മൂത്തമകൾ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്നു പുലർച്ചയായിരുന്നു മോഷണം നടന്നത്. വലതുകാലിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ജനലിന് സമീപം മോഷ്ടാവിനെ കണ്ടത്. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പാദസരങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. കനത്ത ചൂട് കാരണം ജനലുകൾ എല്ലാം തുറന്നിട്ടിരുന്നു. സംഭവ സമയത്ത് ഏഴോളം അംഗങ്ങൾ വീട്ടിലുണ്ടായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരാതി പ്രകാരം വണ്ടൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വേനൽക്കാലമായതിനാൽ രാത്രിസമയങ്ങളിലും കനത്ത ചൂടാണ്. അതിനാൽ ഒട്ടുമിക്ക വീട്ടുകാരും ജനൽവാതിലുകൾ തുറന്നിട്ടാണ് ഉറങ്ങുന്നത്. ഈ തക്കം നോക്കി രാത്രികാലങ്ങളിൽ മോഷ്ടാക്കൾ സജീവമാകുകയാണ്.
ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ടതും അല്ലാത്തതുമായ വീടുകൾ കേന്ദ്രീകരിച്ച് ജനൽ വഴി സ്വർണാഭരണങ്ങൾ കവരാൻ മോഷ്ടാക്കൾ രാത്രിയിൽ ഇനിയും എത്താനിടയുണ്ട്. അതിനാൽ ജനൽ തുറന്നിട്ട് സമീപത്ത് കട്ടിലിൽ കിടന്നുറങ്ങരുതെന്നാണ് പൊലീസിൻ്റെ മുന്നറിയിപ്പ്. ജനങ്ങൾ ഏറ്റവും നന്നായി ഉറങ്ങുന്ന പുലർച്ച രണ്ടിന് ശേഷമുള്ള സമയങ്ങളിലാണ് മോഷണങ്ങൾ കൂടുതലായും ഉണ്ടാകുന്നതെന്നും പൊലീസ് പറഞ്ഞു.
Content Highlights: Thief steals young woman's gold Anklet after sleeping with window open due to heat