വാർധക്യ പെൻഷൻ മാലിന്യങ്ങൾക്കിടയിൽ; ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേന

മാലിന്യത്തിൽ നിന്നും പണം ലഭിച്ച ഹരിതകർമ സേനാംഗങ്ങൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു

കാളികാവ്: മലപ്പുറം കാളികാവ് അമ്പലക്കടവ് വടക്കിയിൽ അബൂബക്കർ പ്ലാസ്റ്റിക്ക് കവറിലാണ് വാർധക്യ പെൻഷനായി ലഭിച്ച പണം സൂക്ഷിച്ചുവെച്ചത്. എന്നാൽ പെൻഷൻ തുക വാങ്ങിവെച്ച സ്ഥലം അദ്ദേഹം മറന്നുപോയി. ഇതിനിടയിലാണ് വീട്ടിലെത്തിയ ഹരിതകർമ സേനയ്ക്ക് മാലിന്യത്തോടൊപ്പം അബദ്ധത്തിൽ പണം അടങ്ങിയ പ്ലാസ്റ്റിക്ക് കാർഡും നൽകിയത്.

ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരംതിരിക്കുന്നതിന് ഇടയിൽ ഹരിതകർമ സോനംഗങ്ങൾക്ക് പണത്തിനൊപ്പം കാളികാവ് സഹകരണ ബാങ്കിന്റെ പെൻഷൻ സ്ലിപ്പും ലഭിച്ചു. അബൂബക്കറിന്റെ പേര് സ്ലിപ്പിൽ ഉണ്ടായിരുന്നതിനാൽ ഉടമയെ വേഗത്തിൽ കണ്ടെത്തി പണം കൈമാറുകയും ചെയ്തു.

മാലിന്യത്തിൽ നിന്നും പണം ലഭിച്ച ഹരിതകർമ സേനാംഗങ്ങൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാ രാജൻ, വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ അഞ്ചച്ചവിടി എന്നിവരുടെ സാന്നിധ്യത്തിൽ അബൂബക്കറിനെ വിളിച്ചുവരുത്തിയാണ് തുക അദ്ദേഹത്തിന് കൈമാറിയത്.

ഹരിതകർമ സേനയുടെ അർപ്പണബോധത്തെയും സത്യസന്ധതയെയും പഞ്ചായത് അധികൃതർ അഭിനന്ദിച്ചു. അതേസമയം നഷ്ടപ്പെട്ട പണം തിരികെ കിട്ടിയതിലുള്ള ആശ്വാസത്തിൽ ഹരിതകർമ സേനയ്ക്കും പഞ്ചായത്ത് അധികൃതർക്കും നന്ദി പറയുകയാണ് അബൂബക്കറും കുടുംബവും.

Content Highlights: Haritha Karma Sena members in Kalikavu, Malappuram recovered a lost pension amount accidentally mixed in plastic waste while segregating trash and successfully returned the money to its rightful owner

To advertise here,contact us