കാസര്കോട്: സോഫ്റ്റ്വെയര് തകരാറിലായ പുത്തന്ഫോണ് യഥാക്രമം സര്വ്വീസ് ചെയ്ത് നല്കാത്തതിന് നിര്മ്മാതാക്കളോട് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഫോണിന്റെ വിലയായ 12,500 രൂപയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും നല്കാനാണ് ഉത്തരവ്. പുല്ലൂര് മധുരമ്പാടിയിലെ ജല അതോറിറ്റി ജീവനക്കാരനായ അനില്കുമാര് ആണ് പരാതിക്കാരന്.
2023 ഡിസംബര് 26നാണ് അനില്കുമാര് കോട്ടച്ചേരിയി തെക്കേപ്പുറത്തെ ഷോപ്പില് നിന്ന് റെഡ്മിയുടെ ഫോണ് വാങ്ങിയത്. ഒരാഴ്ചക്കകം തന്നെ സോഫ്റ്റ്വെയര് തകരാറിലായതിനെ തുടര്ന്ന് ഡീലറെ സമീപിച്ചെങ്കിലും സര്വ്വീസ് സെന്ററിനെ സമീപിക്കാന് നിര്ദേശിച്ചിരിക്കുകയായിരുന്നു.
സര്വ്വീസ് സെന്ററില് പലതവണ ശ്രമിച്ചിട്ടും ഫോണ് നന്നാക്കാനായില്ല. ഇതേതുടര്ന്നാണ് ഡീലര്, സര്വ്വീസ് സെന്റര്, ഫോണ് നിര്മ്മാതാക്കള് എന്നിവരെ എതിര്കക്ഷികളാക്കി 2024 മാര്ച്ചില് കേസ് ഫയല്ചെയ്തത്.