അകത്താക്കിയത് ഏഴ് ലൗ ബേര്‍ഡ്‌സിനെ; പക്ഷിക്കൂട്ടില്‍ 'സുഖവസിച്ച' മൂര്‍ഖനെ പിടികൂടി

ഓരോ ദിവസവും കൂട്ടിലെ പക്ഷികള്‍ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ കൂട് പരിശോധിക്കുകയായിരുന്നു

കണ്ണൂര്‍: ഒരാഴ്ചയോളമായി പക്ഷിക്കൂട്ടില്‍ സുഖവസിച്ചിരുന്ന വിരുദ്ധനെ പിടികൂടി വനംവകുപ്പ് അധികൃതര്‍. ഏഴ് ലൗ ബേര്‍ഡ്‌സിനെ അകത്താക്കിയ മുര്‍ഖന്‍ പാമ്പിനെയാണ് കാഞ്ഞങ്ങാട് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. ഓരോ ദിവസവും കൂട്ടിലെ പക്ഷികള്‍ കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ കൂട് പരിശോധിക്കുകയായിരുന്നു.

പലിയേരികൊവ്വലിലെ കെ വി പ്രസാദിന്റെ വീട്ടിലെ പക്ഷിക്കൂട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ വെള്ളം മാറ്റാനായി കൂടിനടുത്തേക്ക് ചെന്നപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. ഏഴ് പക്ഷികളെ മൂര്‍ഖന്‍ വിഴുങ്ങിയതോടെ 9 ലൗ ബേര്‍ഡ്‌സ് ഉണ്ടായിരുന്ന കൂട്ടില്‍ ഇനിയുള്ളത് രണ്ടെണ്ണം മാത്രമാണ്.

കൂട് തുറക്കുന്ന ശബ്ദം കേട്ടതോടെ പാമ്പ് കൂട്ടിനകത്തെ മണ്‍ചട്ടിയിലേക്ക് കയറി. തുടര്‍ന്ന് വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ വനംവകുപ്പ് അധികൃതരെ അറിയിക്കുകയും അവര്‍ സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുകയാണ്. ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.

Content Highlights: snake found in bird cage at kannur

To advertise here,contact us