മണ്ണിൽ നിക്ഷേപിച്ചു, മില്യണയറായി: നടൻ മാധവന്റെ ലളിതമായ സമ്പാദ്യ രഹസ്യം

തന്റെ കരിയറിന്റെ തുടക്കത്തിൽ പണം കൃത്യമായി നിക്ഷേപിക്കാൻ സഹായിച്ചത് മുത്തച്ഛൻ നൽകിയ ഉപദേശം

ഇന്നത്തെ കാലത്ത് വലിയ റിസ്കുള്ള ബിസിനസുകളിലും സ്റ്റാർട്ടപ്പുകളിലും പണം നിക്ഷേപിക്കുന്ന സിനിമ താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്താമായി നടൻ ആർ മാധവൻ തന്റെ സാമ്പത്തിക അടിത്തറ പണിതത് വളരെ ലളിതമായ മറ്റൊരു രീതിയിലൂടെയാണ്. കരിയറിന്റെ തുടക്കത്തിൽ ഒരു സാധാരണ ഇടത്തരക്കാരന്റെ ചിന്താഗതിയോടെ പണം കൈകാര്യം ചെയ്തതാണ് തനിക്ക് വലിയ സാമ്പത്തിക ഭദ്രത നൽകിയതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു.

ഇടത്തരക്കാരന്റെ ചിന്താഗതി

അനാവശ്യ ആഡംബരങ്ങൾക്ക് പിന്നാലെ പോകാതെ, പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്ന സാധാരണക്കാരന്റെ രീതിയാണ് അദ്ദേഹം പിന്തുടർന്നത്. കരിയറിന്റെ തുടക്കകാലം മുതൽക്കേ കൃത്യമായ പ്ലാനിംഗോടെ പണം നിക്ഷേപിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. തന്റെ കരിയറിന്റെ തുടക്കത്തിൽ പണം കൃത്യമായി നിക്ഷേപിക്കാൻ സഹായിച്ചത് മുത്തച്ഛൻ നൽകിയ ഉപദേശങ്ങളാണെന്ന് മാധവൻ പറയുന്നു. അനാവശ്യമായ റിസ്കുകൾ എടുക്കാതെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഈ പാഠങ്ങൾ അദ്ദേഹത്തെ സഹായിച്ചു.

നിക്ഷേപം മണ്ണിൽ കുഴിച്ചിട്ടു

സിനിമയിൽ വലിയ പേരും പണവും ഉണ്ടായെങ്കിലും, ഇന്നും ജീവിതത്തെയും സമ്പാദ്യത്തെയും വളരെ ലളിതമായാണ് അദ്ദേഹം കാണുന്നത്. ആഡംബരങ്ങൾ കാണിച്ച് പണം കളയുന്നതിനേക്കാൾ, തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിനും ഭാവി സൗകര്യങ്ങൾക്കും മുൻഗണന നൽകുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ മുത്തച്ഛൻ നൽകിയ ഒരു ലളിതമായ ഉപദേശമാണ് ജീവിതം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. "പണം കിട്ടുമ്പോൾ തന്നെ അത് മണ്ണിൽ കുഴിച്ചിടുക (ഭൂമി വാങ്ങുക)" അത് അക്ഷരം പ്രതി അനുസരിച്ചത് വലിയ രീതിയിൽ സമ്പാദ്യം വളർത്തി എന്നദ്ദേഹം പറഞ്ഞു. മുത്തച്ഛന്റെ ഉപദേശം കേട്ട മാധവൻ, സിനിമയിൽ നിന്ന് പണം കിട്ടിത്തുടങ്ങിയ കാലം മുതൽക്കേ അത് സ്ഥലവും വീടും വാങ്ങാനാണ് ഉപയോഗിച്ചത്. അനാവശ്യ കാര്യങ്ങൾക്ക് പണം കളയാതെ ഭൂമിയിൽ നിക്ഷേപിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

താൻ നേരത്തെ നടത്തിയ നിക്ഷേപങ്ങൾ ഇന്ന് വലിയ ലാഭമാണ് നൽകുന്നതെന്ന് മാധവൻ വിശദീകരിച്ചു. 25 വർഷം മുൻപ് സിനിമയിൽ എത്തിയ കാലത്ത് അദ്ദേഹത്തിന് വലിയ ആഡംബര മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിലകൂടിയ കാറുകളോ ആഭരണങ്ങളോ വാങ്ങുന്നതിന് പകരം, ഒരു സാധാരണ ഇടത്തരക്കാരന്റെ ചിന്താഗതിയോടെ അദ്ദേഹം പണം ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപിച്ചു. ഈ തീരുമാനമാണ് അദ്ദേഹത്തിന് വലിയ സമ്പാദ്യമുണ്ടാക്കി നൽകിയത്.

വിദഗ്ധരുടെ ഉപദേശം

 ഓഹരി വിപണിയിലോ  ബോണ്ടുകളിലോ നടത്തിയ നിക്ഷേപങ്ങൾ തനിക്ക് വലിയ ഗുണം ചെയ്തില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. "ആ കാര്യത്തിൽ ഞാൻ അല്പം നിർഭാഗ്യവാനാണ്," അദ്ദേഹം പറഞ്ഞു. മറ്റൊരാളെ വിശ്വസിച്ച് പണം ഏൽപ്പിക്കാനുള്ള മടി കാരണം സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാതിരുന്നതും തിരിച്ചടിയായെന്ന് അദ്ദേഹം കരുതുന്നു. സ്വന്തം പണം മറ്റൊരാളെ ഏൽപ്പിക്കാൻ മടിക്കുന്ന ആ പഴയ മിഡിൽ ക്ലാസ് സ്വഭാവം തനിക്കും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തമാശയോടെ ഓർക്കുന്നു.

മുതിർന്നവരുടെ ഉപദേശങ്ങൾ വിലമതിക്കുക, പണം വെറുതെ ധൂർത്തടിക്കരുത്, കുടുംബത്തിന്റെ ഭാവിക്ക് പ്രാധാന്യം നൽകുക ഇതൊക്കെയാണ് മാധവന്റെ സമ്പത്ത് വളർത്തിയ മന്ത്രങ്ങൾ. എന്നാൽ പണം കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സഹായം തേടാൻ മടിച്ചതാണ് തന്റെ ഏക പിഴവായി അദ്ദേഹം കാണുന്നത്.നിലവിൽ ധുരന്ധർ, ആപ് ജൈസ കോയി തുടങ്ങിയ സിനിമകളിലൂടെ മികച്ച ഫോമിൽ നിൽക്കുന്ന താരം തന്റെ ആരാധകർക്ക് നൽകുന്ന സന്ദേശവും ഇതുതന്നെയാണ്.ലളിതമായ സമ്പാദ്യ ശീലമാണ് മികച്ച സാമ്പത്തിക സുരക്ഷ നൽകുന്നത്.

Content Highlights: Discover how actor R. Madhavan built his massive wealth through simple real estate investments. From his grandfather’s advice to lessons learned from stock market failures, here is his grounded approach to financial freedom.

To advertise here,contact us