23-ാം വയസ്സില്‍ 800 കോടിയുടെ സാമ്രാജ്യം; ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ വിസ്മയിപ്പിച്ച് അഞ്ജലി

പഠനകാലത്ത് തന്നെ ജോര്‍ജ്ജ്ടൗണിലെ ഇന്‍വെസ്റ്റ്മെന്റ് ഓഫീസില്‍ പ്രവര്‍ത്തിച്ച അഞ്ജലി, വലിയ നിക്ഷേപങ്ങളെക്കുറിച്ചും വിപണികളെക്കുറിച്ചും പഠിച്ചു

1 min read|04 Apr 2026, 10:45 pm

സാധാരണഗതിയില്‍ കോളജ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഭൂരിഭാഗം യുവാക്കളും തങ്ങളുടെ കരിയര്‍ എങ്ങോട്ട് വേണം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമായിരിക്കും. എന്നാല്‍ 23കാരിയായ അഞ്ജലി സര്‍ദാന ഈ സമയത്തിനുള്ളില്‍ വിസ്മയിപ്പിക്കുന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അവര്‍ തുടങ്ങിയ 'പ്രോന്റോ' എന്ന ഹോം സര്‍വീസ് സ്റ്റാര്‍ട്ടപ്പ് വെറും 12 മാസത്തിനുള്ളില്‍ ഏകദേശം 800 കോടി രൂപയുടെ മൂല്യമുള്ള കമ്പനിയായി വളര്‍ന്നു.

ആരാണ് അഞ്ജലി സര്‍ദാന

അമേരിക്കയിലെ ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് 2024ല്‍ ബിരുദം നേടിയ വ്യക്തിയാണ് അഞ്ജലി. ബയോളജി വിഭാഗത്തില്‍ ഒന്നാം റാങ്കോടെയും മികച്ച അക്കാദമിക് റെക്കോര്‍ഡോടെയുമാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയത്. സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നിട്ടും ധനകാര്യ മേഖലയിലും നിക്ഷേപ രംഗത്തും അവര്‍ക്ക് വലിയ താല്‍പര്യവും അറിവുമുണ്ടായിരുന്നു.

പഠനകാലത്ത് തന്നെ ജോര്‍ജ്ജ്ടൗണിലെ ഇന്‍വെസ്റ്റ്മെന്റ് ഓഫീസില്‍ പ്രവര്‍ത്തിച്ച അഞ്ജലി, വലിയ നിക്ഷേപങ്ങളെക്കുറിച്ചും വിപണികളെക്കുറിച്ചും പഠിച്ചു. ന്യൂയോര്‍ക്കിലെ മോര്‍ഗന്‍ സ്റ്റാന്‍ലി ബെയ്ന്‍ ക്യാപിറ്റല്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ ജോലി ചെയ്ത പരിചയവുമായാണ് അവര്‍ ഇന്ത്യയില്‍ സ്വന്തം സംരംഭം തുടങ്ങിയത്. നിക്ഷേപകര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും ഒരു ബിസിനസ്സ് എങ്ങനെ വലുതാക്കാമെന്നും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.

എന്താണ് പ്രോന്റോ?

2025ന്റെ തുടക്കത്തിലാണ് അഞ്ജലി പ്രോന്റോ ആരംഭിച്ചത്. ഇന്ത്യയിലെ വീട്ടുജോലിക്കാരുടെ സേവനം ഇപ്പോഴും അസംഘടിതമാണ്. വിശ്വസ്തരായ ആളുകളെ കിട്ടുക എന്നത് പ്രയാസകരമായ കാര്യമാണ്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് പ്രോന്റോ അവതരിപ്പിച്ചത്. ക്ലീനിങ്, പാത്രം കഴുകല്‍, അലക്ക് തുടങ്ങിയ ദൈനംദിന വീട്ടുജോലികള്‍ക്കായി പരിശീലനം ലഭിച്ച തൊഴിലാളികളെ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം.

ബുക്ക് ചെയ്ത് 10 മിനിറ്റിനുള്ളില്‍ സേവനം ലഭ്യമാക്കുക എന്നതാണ് പ്രോന്റോയുടെ പ്രത്യേകത. തൊഴിലാളികളെ തിരഞ്ഞെടുത്ത് കൃത്യമായ പരിശീലനം നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിയോഗിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

വളര്‍ച്ചയുടെ വേഗത

ഗുരുഗ്രാമില്‍ ചെറിയ ഹബ്ബായി ആരംഭിച്ച് പ്രതിദിനം 170 ബുക്കിങ്ങുകള്‍ മാത്രം ലഭിച്ചിരുന്ന സ്ഥാനത്തുനിന്ന്, മാസങ്ങള്‍ക്കുള്ളില്‍ പ്രതിദിനം 18,000ത്തിലധികം ബുക്കിങ്ങുകളിലേക്ക് പ്രോന്റോ വളര്‍ന്നു. നിലവില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ സേവനം ലഭ്യമാണ്.

നിക്ഷേപം

കമ്പനിയുടെ വളര്‍ച്ച കണ്ട നിക്ഷേപകര്‍ വന്‍തോതില്‍ പണം പ്രോന്റോയില്‍ നിക്ഷേപിച്ചു. 2026 മാര്‍ച്ചില്‍ എപിക് ക്യാപിറ്റല്‍, ജനറല്‍ കാറ്റലിസ്റ്റ് തുടങ്ങിയ കമ്പനികളില്‍നിന്നായി 25 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇതോടെയാണ് കമ്പനിയുടെ മൂല്യം 100 മില്യണ്‍ ഡോളറിലെത്തിയത്. കൃത്യമായ പ്ലാനിംഗും സാമ്പത്തിക വിപണിയെക്കുറിച്ചുള്ള അറിവും ഉണ്ടെങ്കില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയങ്ങള്‍ കൈവരിക്കാമെന്ന് അഞ്ജലി സര്‍ദാന തെളിയിച്ചിരിക്കുകയാണ്. വീട്ടുജോലികള്‍ കൂടുതല്‍ വിശ്വസനീയമാക്കുന്നതോടൊപ്പം ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സുരക്ഷിതമായ വരുമാന മാര്‍ഗം ഒരുക്കാനും പ്രോന്റോയിലൂടെ അവര്‍ക്ക് സാധിക്കുന്നു.

മത്സരം കൂടുന്നു

ഈ രംഗത്ത് നിലവിലുള്ള കമ്പനികളും പുതുതായി വരുന്നവരും തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. അര്‍ബന്‍ കമ്പനിയുടെ 'ഇന്‍സ്റ്റാഹെല്‍പ്പ്' വലിയ വളര്‍ച്ചയിലാണ്. മാര്‍ച്ചില്‍ മാത്രം അവര്‍ 10 ലക്ഷത്തിലധികം ബുക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഓരോ ദിവസവും 50,000ത്തിലധികം ബുക്കിങ്ങുകള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്.

സ്‌നാബിറ്റ് എന്ന കമ്പനിയും ഒട്ടും പിന്നിലല്ല. ആയുഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സ്‌നാബിറ്റ് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി 420 - 500 കോടി രൂപവരെ നിക്ഷേപമായി സമാഹരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടുജോലിക്കാരെ എത്തിക്കുന്ന സേവനത്തിന് നഗരങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നതിനാലാണ് ഇത്രവലിയ മത്സരവും നിക്ഷേപവും ഈ മേഖലയില്‍ ഉണ്ടാകുന്നത്.

Content Highlights: 23-year-old builds $100 million startup in a year: Anjali Sardana's Pronto story

To advertise here,contact us