സ്റ്റാർലിങ്കിനെ പൂട്ടാൻ ജിയോയുടെ ബഹിരാകാശ പടയൊരുക്കം; 1,600 ഉപഗ്രഹങ്ങളുമായി അംബാനിയുടെ മാസ്റ്റർ പ്ലാൻ

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിച്ചേക്കും

ഇന്ത്യയുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് പുതിയ അധ്യായം തുറക്കാൻ ഒരുങ്ങുകയാണ് റിലയൻസ്. 1,600 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ബഹിരാകാശ ഇന്റർനെറ്റ് ശൃംഖല നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന കമ്പനി, ഇതിനായി ഇന്ത്യൻ നിർമ്മാണ കമ്പനികളെയും ടെക്നോളജി സ്റ്റാർട്ടപ്പുകളെയും പങ്കാളികളാക്കാനുള്ള ശ്രമത്തിലാണ്.

ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഉപഗ്രഹങ്ങളുടെ നിർമ്മാണത്തിനായി ആവശ്യമായ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് പങ്കാളികളാകുന്ന കമ്പനികൾക്ക് സാമ്പത്തിക പിന്തുണ നൽകാനും റിലയൻസ് തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ തന്നെ ഉപഗ്രഹ നിർമ്മാണ ശേഷി വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

നിലവിൽ ഇന്ത്യയിൽ പ്രതിവർഷം നിർമ്മിക്കപ്പെടുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 15-ൽ താഴെയാണ്. എന്നാൽ റിലയൻസിന്റെ പുതിയ പദ്ധതിക്ക് പ്രതിവർഷം ഏകദേശം 200 ഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള ശേഷി ആവശ്യമായി വരും. അതായത് നിലവിലുള്ള നിർമ്മാണ സംവിധാനത്തിൽ വലിയൊരു മാറ്റം തന്നെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കാൻ റിലയൻസ് ശ്രമിക്കുന്നത്.

അതേസമയം, മുഴുവൻ ഉപഗ്രഹങ്ങളും ഇന്ത്യയിൽ നിർമ്മിക്കുക എന്നതല്ല കമ്പനിയുടെ പദ്ധതി. വിദേശ കമ്പനികളിൽ നിന്നും ഉപഗ്രഹങ്ങൾ വാങ്ങാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. അമേരിക്കയിൽ നിന്ന് കുറഞ്ഞത് 400 ഉപഗ്രഹങ്ങൾ വാങ്ങുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. യൂറോപ്യൻ വിതരണക്കാരുമായും ചർച്ചകൾ നടക്കുന്നുണ്ട്.

2027 സെപ്റ്റംബറിൽ പരീക്ഷണ വിക്ഷേപണം നടത്താനും 2028 ആദ്യം മുതൽ ഉപഗ്രഹങ്ങളുടെ വിപുലമായ വിന്യാസം ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ 1,600 ഉപഗ്രഹങ്ങളടങ്ങിയ ശൃംഖല പൂർത്തിയാക്കാനാണ് നിലവിലെ പദ്ധതി. പദ്ധതി വിജയിച്ചാൽ ഇന്ത്യയിലെ വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിച്ചേക്കും.

പരമ്പരാഗത ഫൈബർ കണക്ഷനുകളും മൊബൈൽ ടവറുകളും എത്തിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് വലിയ മാറ്റമുണ്ടാക്കും. എന്നാൽ ഇലോൺ മാസ്കിന്റെ സ്റ്റാർലിങ്കിനെ നേരിടുക എന്നത് അത്ര എളുപ്പമല്ല. ഉപഗ്രഹങ്ങളുടെ നിർമ്മാണം, വിക്ഷേപണം, സാങ്കേതികവിദ്യ, ചെലവ് എന്നിവയെല്ലാം നിർണായകമാകും. ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തിനും പുതിയ അവസരങ്ങൾ തുറക്കാൻ സാധ്യതയുള്ള ഈ പദ്ധതിയിൽ റിലയൻസിന് എത്രത്തോളം മുന്നേറാൻ കഴിയുമെന്നാണ് ഇനി ടെക് ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Reliance Plans 1,600 Satellites to Challenge Elon Musk’s Starlink | Mukesh Ambani’s Big Satellite Internet Move in India

To advertise here,contact us