പായ്ക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ അളവിൽ ചിപ്സ് നൽകിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോയ്ക്ക് ജയ്പൂർ ഉപഭോക്തൃ ഫോറം പിഴ ചുമത്തി. 15 ഗ്രാം എന്ന് രേഖപ്പെടുത്തിയ ലെയ്സ് ചിപ്സ് പായ്ക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ് മാത്രമാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ സേവന വീഴ്ചയ്ക്കും തെറ്റായ വ്യാപാര രീതിക്കുമെതിരെയാണ് ഉപഭോക്തൃ കോടതി ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ചന്ദ്രമാൻ ജലാൻ എന്ന വ്യാപാരി നൽകിയ പരാതിയിലാണ് ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-II ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2020 നവംബർ 10-നാണ് പരാതിക്കാരൻ തന്റെ വീട്ടിലെത്തിയ അതിഥികൾക്ക് നൽകാനായി മെട്രോ കാഷ് ആൻഡ് കാരി എന്ന സ്ഥാപനത്തിൽ നിന്ന് പെപ്സികോ നിർമ്മിച്ച ലെയ്സ് ചിപ്സ് പായ്ക്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയത്. എന്നാൽ അതിഥികൾക്ക് വിളമ്പുന്നതിനിടയിൽ പായ്ക്കറ്റിന് ഭാരക്കുറവ് അനുഭവപ്പെടുകയും തുടർന്ന് തൂക്കി നോക്കിയപ്പോൾ 15 ഗ്രാമിന് പകരം വെറും 4 ഗ്രാം ചിപ്സ് മാത്രമാണ് അതിലുണ്ടായിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് 2022 ഏപ്രിലിലാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കേസിൽ നോട്ടീസ് അയച്ചിട്ടും പെപ്സികോ അധികൃതർ കോടതിയിൽ ഹാജരാകാൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് കമ്പനിക്കെതിരെ ഏകപക്ഷീയമായാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ചിപ്സ് വിറ്റ റീട്ടെയ്ൽ സ്ഥാപനമായ മെട്രോ കാഷിനെതിരെയുള്ള പരാതി കോടതി തള്ളി. അളവിൽ കുറവ് വരുന്നത് നിർമ്മാണ ഘട്ടത്തിലെ പിഴവായതിനാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാതാക്കളായ പെപ്സികോയ്ക്ക് മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.
കമ്മീഷൻ പ്രസിഡന്റ് അശോക് ശർമ്മ, അംഗങ്ങളായ അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചിപ്സ് പായ്ക്കറ്റിന്റെ വിലയായ 5 രൂപ 6 ശതമാനം പലിശയോടെ പരാതിക്കാരന് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ പരാതിക്കാരൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 5,000 രൂപയും, കോടതിച്ചെലവിലേക്കായി 3,000 രൂപയും ഉൾപ്പെടെ ആകെ 8,000 രൂപ പെപ്സികോ ഒരു മാസത്തിനകം നൽകണമെന്നും വിധിയിലുണ്ട്. നിശ്ചിത സമയത്തിനകം ഈ തുക നൽകിയില്ലെങ്കിൽ ഇതിനും 6 ശതമാനം പലിശ നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights:Jaipur's District Consumer Disputes Redressal Commission-II has ruled against PepsiCo over an underweight Lay's chips packet.A packet labelled as containing 15 grams reportedly contained only 4 grams of chips.The complaint was filed by Jaipur resident Chandraman Jalan after purchasing the packet on November 10, 2020.