മുംബൈ: സ്വന്തമായി ബൈക്ക് വാങ്ങാൻ കഴിയാതെ സൈക്കിളിൽ ഡെലിവറി നടത്തിയിരുന്ന ബ്ലിങ്കിറ്റ് ജീവനക്കാരന് അപ്രതീക്ഷിത സമ്മാനവുമായി ആനന്ത് അംബാനിയുടെ ഫൗണ്ടേഷൻ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകനും ഇൻഫ്ലുവൻസറുമായ ഹുസൈൻ മൻസൂരിയാണ് ബ്ലിങ്കിറ്റ് ജീവനക്കാരനായ സുജീതിന് ആനന്ത് അംബാനിയുടെ പേരിൽ പുത്തൻ സ്കൂട്ടർ സമ്മാനിച്ചത്. സമ്മാനം കണ്ട് വികാരാധീനനായി പൊട്ടിക്കരഞ്ഞ സുജീതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മുംബൈയിലെ തിരക്കേറിയ റോഡിലൂടെ സുജീത് സൈക്കിളിൽ ഓർഡർ എത്തിക്കാൻ പോകുന്നതിനിടെയാണ് ഹുസൈൻ മൻസൂരി അദ്ദേഹത്തെ തടഞ്ഞുനിർത്തി സംസാരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ബൈക്ക് വാങ്ങാത്തതെന്ന് അന്വേഷിച്ചപ്പോൾ, "സാറേ, ഇത്രയും തുച്ഛമായ വരുമാനത്തിൽ എങ്ങനെ ബൈക്ക് വാങ്ങാനാണ്? സാധനങ്ങൾക്കെല്ലാം വല്ലാത്ത വിലക്കയറ്റമല്ലേ," എന്നായിരുന്നു സുജീതിന്റെ സങ്കടം നിറഞ്ഞ മറുപടി.
തുടർന്ന് ഡെലിവറി പൂർത്തിയാക്കി ഉടൻ തിരിച്ചെത്താൻ സുജീതിനോട് മൻസൂരി ആവശ്യപ്പെടുകയും കാത്തിരിക്കാൻ ഒരു സർപ്രൈസ് ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. മടങ്ങിയെത്തിയ സുജീതിന്റെ കണ്ണുകൾ മൂടിക്കെട്ടി ചുവന്ന തുണികൊണ്ട് മൂടിയ സമ്മാനത്തിന് അടുത്തേക്ക് നയിച്ചു. തുണി മാറ്റി പുത്തൻ സ്കൂട്ടർ കാണിച്ച്, "ഇത് ആനന്ത് അംബാനി ജിയുടെ വകയായുള്ള ചെറിയൊരു സമ്മാനമാണ്," എന്ന് മൻസൂരി പറഞ്ഞതോടെ സുജീതിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അപ്രതീക്ഷിതമായി ലഭിച്ച വലിയ സമ്മാനത്തിന്റെ സന്തോഷത്തിൽ വിതുമ്പിക്കരഞ്ഞ സുജീത്, മൻസൂരിയെ കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുകയായിരുന്നു.
ആനന്ത് സേവാ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സുജീതിന് സൈക്കിള് സമ്മാനിച്ചിരിക്കുന്നത്. രാഹുൽ കനാൽ, ഹുസൈൻ മൻസൂരി എന്നിവരുമായി സഹകരിച്ച് മുംബൈയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് ഇരുചക്രവാഹനങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് സുജീതിനും സ്കൂട്ടർ കൈമാറിയത്.
Content Highlights: A Blinkit delivery agent named Sujeet, who used a bicycle for deliveries because he could not afford a motorbike, reportedly received a new scooter through an initiative associated with Anant Ambani. Mumbai-based philanthropist Hussain Mansuri presented the gift, and Sujeet became emotional upon seeing it. The video went viral on social media, highlighting the financial challenges faced by delivery workers.