ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അമേരിക്കൻ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയുയർത്തി ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീക് 100 ബില്യൺ യുവാൻ (ഏകദേശം 15 ശതകോടി യുഎസ് ഡോളർ) നിക്ഷേപം സമാഹരിച്ചു. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ടുകളിൽ ഒന്നാണിത്. ഓപ്പൺ എ.ഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ യു.എസ് ലബോറട്ടറികളോട് നേരിട്ട് ഏറ്റുമുട്ടാൻ ലക്ഷ്യമിട്ടാണ് ഈ വൻ മൂലധന സമാഹരണം. ആഗോള വിപണിയിൽ ചൈനീസ് സാങ്കേതികവിദ്യയുടെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.
നിക്ഷേപകരുമായുള്ള ചർച്ചകൾക്കിടയിൽ കമ്പനി തങ്ങളുടെ ധനസമാഹരണ ലക്ഷ്യം രണ്ടുതവണയാണ് ഉയർത്തിയത്. ആദ്യം 50 ബില്യൺ യുവാനും പിന്നീട് 80 ബില്യൺ യുവാനും ലക്ഷ്യമിട്ട കമ്പനി ഒടുവിൽ 100 ബില്യൺ യുവാനിൽ എത്തി നിൽക്കുകയായിരുന്നു. ചൈനയിലെ പ്രമുഖ ബാറ്ററി നിർമ്മാതാക്കളായ കണ്ടംപററി ആമ്പറെക്സ് ടെക്നോളജി, പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ വീചാറ്റിന്റെ ഓപ്പറേറ്റർമാരായ ടെൻസെന്റ് ഹോൾഡിംഗ്സ് എന്നിവരാണ് ഈ ഫണ്ടിംഗ് റൗണ്ടിലെ പ്രധാന നിക്ഷേപകർ. സമാഹരിച്ച തുക വലിയ എ.ഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനും ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന ഓപ്പൺ സോഴ്സ് എ.ഐ മോഡലുകൾ വികസിപ്പിക്കാനും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വളരെ കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എ.ഐ മോഡലുകൾ വിപണിയിലെത്തിച്ച് മുൻപും ഡീപ്സീക് തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സിലിക്കൺ വാലിയിലെ വമ്പൻമാരുമായി കിടപിടിക്കുന്ന സാങ്കേതികവിദ്യ തുച്ഛമായ ചിലവിൽ അവതരിപ്പിച്ചുകൊണ്ട് 2025-ൽ ആഗോള ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ ചൈനീസ് സ്റ്റാർട്ടപ്പിന് കഴിഞ്ഞിരുന്നു. കുറഞ്ഞ നിരക്കിലുള്ള സേവനങ്ങൾ നൽകുന്നതിനാൽ ഡീപ്സീകിന്റെ വളർച്ച മറ്റ് എ.ഐ കമ്പനികൾക്ക് നിലനിൽപ്പിന് തന്നെ ഭീഷണിയായ "ഡീപ്സീക് ഡെത്ത് സോൺ" എന്ന പ്രതിഭാസത്തിനും വഴിമാറിയിട്ടുണ്ട്.
പുതിയ നിക്ഷേപം യു.എസ് കമ്പനികളുമായുള്ള സാമ്പത്തിക വിടവ് ചെറിയ തോതിൽ കുറയ്ക്കുമെങ്കിലും ഓപ്പൺ എ.ഐ പോലെയുള്ള മുൻനിര ലാബുകളുടെ പക്കലുള്ള അത്രയും വലിയ സാമ്പത്തിക ശേഷി ഡീപ്സീകിന് ഇപ്പോഴുമില്ല. നൂറ് ശതകോടിയിലധികം ഡോളർ സമാഹരിച്ച അമേരിക്കൻ കമ്പനികളെ മറികടക്കാൻ ഡീപ്സീക് ഇപ്പോൾ ഒരു ഐ.പി.ഒ ലക്ഷ്യമിടുന്നുണ്ട്. ചൈനീസ് വിപണിയിൽ വരാനിരിക്കുന്ന ഏറ്റവും വലിയ പൊതു ഓഹരി വിപണി പ്രവേശനങ്ങളിൽ ഒന്നായിരിക്കും ഡീപ്സീകിന്റേത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Content Highlights:Chinese AI startup DeepSeek reportedly raises 100 billion yuan (approximately $15 billion) in a major funding round.The fundraising aims to strengthen DeepSeek’s competition with leading US AI companies, including OpenAI and Anthropic.